ഹാട്രിക്ക് ഹാലണ്ട്, ക്ലബ്ബിനും രാജ്യത്തിനുമായി ഗോളടിച്ചു കൂട്ടി ഈ യുവവിസ്മയം !

യുവേഫ നേഷൻസ് ലീഗ് ബിയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹാട്രിക്ക് ഗോൾനേട്ടവുമായി യുവവിസ്മയം എർലിങ് ഹാലണ്ട്. റൊമാനിയക്കെതിരെയുള്ള മത്സരത്തിലാണ് തന്റെ രാജ്യമായ നോർവേക്ക്‌ വേണ്ടി ഹാലണ്ട് ഗോളടിച്ചു കൂട്ടിയത്. ഈ ഹാട്രിക്കിന്റെ ബലത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് നോർവേ റൊമാനിയയെ തകർത്തു വിട്ടത്. മത്സരത്തിന്റെ 13, 64, 74 എന്നീ മിനിറ്റുകളിലാണ് ഹാലണ്ട് റൊമാനിയയെ പ്രഹരിച്ചു വിട്ടത്. നോർവേക്ക്‌ വേണ്ടി താരം നേടുന്ന ആറാമത്തെ ഗോളാണ് ഇത്. ആറു മത്സരങ്ങളിൽ നിന്നാണ് താരം ആറു ഗോളുകൾ നേടിയത്. ആദ്യത്തെ രണ്ട് മത്സരങ്ങളിൽ നിന്ന് ഗോൾനേടാൻ കഴിയാത്ത താരം പിന്നീടാണ് ഗോളുകൾ അടിച്ചു കൂട്ടിയത്. ഇന്നലെ തന്റെ രാജ്യത്തിനു വേണ്ടിയുള്ള ആദ്യ ഹാട്രിക്കാണ് ഈ ഇരുപതുകാരൻ സ്വന്തമാക്കിയത്.മത്സരത്തിൽ താരത്തിന് രണ്ട് അസിസ്റ്റുകൾ നൽകിയത് റയൽ താരം ഒഡീഗാർഡ് ആണ്.

ക്ലബ്ബിനും രാജ്യത്തിനുമായി ഗോലടിച്ചു കൂട്ടുന്ന തിരക്കിലാണിപ്പോൾ ഹാലണ്ട്. രാജ്യത്തിനും ക്ലബിനുമായി എല്ലാ കോമ്പിറ്റീഷനുകളിലുമായി കളിച്ച 48 മത്സരങ്ങളിൽ നിന്ന് 51 ഗോളുകളാണ് താരം ഇതുവരെ അടിച്ചു കൂട്ടിയത്. എന്നാൽ ഹാലണ്ടിന് അടുത്ത യൂറോ കപ്പിൽ കളിക്കാൻ സാധിക്കില്ല. യോഗ്യത നേടാൻ നോർവേക്ക്‌ കഴിയാത്തത് തന്നെയാണ് കാരണം. ഏതായാലും താരത്തിന്റെ പ്രകടനം ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. താരത്തെ ബൊറൂസിയയിൽ നിന്നും റാഞ്ചാൻ നിരവധി ക്ലബുകൾ പദ്ധതി ഇട്ടിട്ടുണ്ട്. പുതുതായി മാഞ്ചസ്റ്റർ ക്ലബുകൾക്കാണ് താരത്തിൽ താല്പര്യമുള്ളത്. സെർജിയോ അഗ്വേറോയുടെ സ്ഥാനത്തേക്കാണ് ഹാലണ്ടിനെ സിറ്റി നോക്കിവെച്ചിരിക്കുന്നത്. അതേസമയം സാഞ്ചോയെ ലഭിച്ചില്ലെങ്കിൽ ഹാലണ്ടിന് വേണ്ടി ശ്രമിക്കാനും യുണൈറ്റഡിന് പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *