സ്ലോവാക്യൻ ബെഞ്ചിന് നേരെയുള്ള അശ്ലീല ആംഗ്യം, വിശദീകരണവുമായി ബെല്ലിങ്ങ്ഹാം
ഇന്നലെ യൂറോ കപ്പിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ വിജയം നേടാൻ ഇംഗ്ലണ്ടിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അവർ സ്ലോവാക്യയെ തോൽപ്പിച്ചത്. തോൽവിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇംഗ്ലണ്ടിനെ രക്ഷിച്ചത് ബെല്ലിങ്ങ്ഹാമിന്റെ ബൈസിക്കിൾ കിക്ക് ഗോളായിരുന്നു. പിന്നീട് എക്സ്ട്രാ ടൈമിൽ ഹാരി കെയ്ൻ നേടിയ ഗോൾ അവർക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
മത്സരത്തിന്റെ 95ആം മിനുട്ടിലായിരുന്നു ബെല്ലിങ്ങ്ഹാമിന്റെ ബൈസിക്കിൾ കിക്ക് ഗോൾ പിറന്നത്.ആ ഗോൾ ആഘോഷിച്ചതിനുശേഷം സ്ലോവാക്യ ബെഞ്ചിന് നേരെ ബെല്ലിങ്ങ്ഹാം നടത്തിയ പ്രവർത്തി വലിയ വിവാദമായിട്ടുണ്ട്.അശ്ലീല ആംഗ്യം കാണിക്കുകയാണ് താരം ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ എക്സ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
ഇതോടെ ഇതിനെ വിശദീകരണം നൽകിക്കൊണ്ട് താരം തന്നെ രംഗത്ത് വന്നിട്ടുണ്ട്. അതൊരു തമാശയായിരുന്നു എന്നാണ് ബെല്ലിങ്ങ്ഹാം പറഞ്ഞിട്ടുള്ളത്.അദ്ദേഹം എക്സിൽ കുറിച്ച വാക്കുകൾ ഇങ്ങനെയാണ്.
“ഈ ഗെയിമിന്റെ ഭാഗമായി കൊണ്ട് എന്റെ ചില അടുത്ത സുഹൃത്തുക്കൾ അവിടെയുണ്ടായിരുന്നു. അവർക്ക് നേരെയാണ് ഞാൻ തമാശയായി കൊണ്ട് ഈ ആംഗ്യം കാണിച്ചിട്ടുള്ളത്. അല്ലാതെ മറിച്ച് ഒന്നുമില്ല.ഇന്ന് കളിച്ച സ്ലോവാക്യൻ ടീമിനോട് ബഹുമാനമല്ലാതെ എനിക്ക് മറ്റൊന്നുമില്ല “ഇതാണ് സൂപ്പർതാരത്തിന്റെ വിശദീകരണം.
എന്നാൽ ചെയ്തത് തികച്ചും മോശമായി തന്നെയാണ് വിമർശകർ ഉന്നയിക്കുന്നത്.മത്സരത്തിൽ അത്ര മികച്ച പ്രകടനം ഒന്നും നടത്താൻ ബെല്ലിങ്ങ്ഹാമിന് കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്.പക്ഷേ നിർണായക ഗോൾ അദ്ദേഹം കരസ്ഥമാക്കുകയായിരുന്നു. മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും താരം തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്.