സ്റ്റേഡിയത്തിലെ അടി,നുനസിന് പണി കിട്ടുമോ? ഇൻവെസ്റ്റിഗേഷൻ പ്രഖ്യാപിച്ച് കോൺമെബോൾ!
കോപ്പ അമേരിക്കയിൽ നടന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഉറുഗ്വക്ക് തോൽവി രുചിക്കേണ്ടി വന്നിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് കൊളംബിയയാണ് അവരെ തോൽപ്പിച്ചത്.മത്സരത്തിന്റെ രണ്ടാം പകുതിയിൽ 10 പേരുമായാണ് കൊളംബിയ കളിച്ചത്. എന്നിട്ടും അവർ ഉറുഗ്വയുടെ വെല്ലുവിളി അതിജീവിച്ചുകൊണ്ട് ഫൈനലിൽ പ്രവേശിക്കുകയായിരുന്നു.
എന്നാൽ മത്സരശേഷം നിരവധി അനിഷ്ട സംഭവങ്ങളാണ് കളിക്കളത്തിലും സ്റ്റേഡിയത്തിലും അരങ്ങേറിയത്. ആദ്യം കളത്തിൽ വച്ചുകൊണ്ട് ഉറുഗ്വൻ താരങ്ങളും കൊളംബിയ താരങ്ങളും ഏറ്റുമുട്ടി. പിന്നീട് സ്റ്റേഡിയത്തിൽ വെച്ച് കൊണ്ട് ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടി. ഇതിനിടയിൽ കൊളംബിയൻ ആരാധകർ ഉറുഗ്വൻ താരങ്ങളുടെ കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. ഇതോടുകൂടി ഉറുഗ്വൻ താരങ്ങൾ സ്റ്റേഡിയത്തിൽ പ്രവേശിച്ച് കൊളംബിയൻ ആരാധകരുമായി ഏറ്റുമുട്ടി.
ഡാർവിൻ നുനസ്,റൊണാൾഡ് അരൗഹോ,ഹൊസേ ജിമിനസ് എന്നിവരൊക്കെ സ്റ്റേഡിയത്തിലേക്ക് കയറി ആരാധകരുമായി ഏറ്റുമുട്ടുകയായിരുന്നു. ഇതിൽ ഒരു ആരാധകരിൽ നിന്നും നുനസിന് ഇടി ഏൽക്കേണ്ടി വന്നു. കൂടാതെ തന്റെ കുടുംബത്തെ ആക്രമിച്ച ആരാധകനെ നുനസ് തിരികെ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും ഇത് വലിയ വിവാദമായതോടെ കോൺമെബോൾ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇവർ പുറത്തിറക്കുകയും ചെയ്തു.
ഈ അക്രമ സംഭവങ്ങളിൽ തങ്ങൾ അന്വേഷണം നടത്തുന്നുണ്ടെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും കോൺമെബോൾ അറിയിച്ചിട്ടുണ്ട്. ഫുട്ബോളിൽ ഇത്തരം കാര്യങ്ങൾ ഒരു കാരണവശാലും വെച്ച് പൊറുപ്പിക്കില്ലെന്നും കോൺമെബോൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവങ്ങളിൽ നുനസും അരൗഹോയുമൊക്കെ ഇടപെട്ടിട്ടുണ്ട് എന്നുള്ളത് കൃത്യമായി വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. അതുകൊണ്ടുതന്നെ ഈ താരങ്ങൾക്ക് കോൺമെബോൾ സസ്പെൻഷൻ ഏർപ്പെടുത്താനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല.