സ്റ്റേഡിയം,പിച്ചുകൾ,കാലാവസ്ഥ,എല്ലാം പെർഫെക്റ്റ് : ഖത്തറിനെ വാനോളം പ്രശംസിച്ച് ജർമ്മൻ ഇതിഹാസം!
വരുന്ന വേൾഡ് കപ്പിന് കിക്കോഫ് മുഴങ്ങാൻ ഇനി കേവലം ആറ് മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഏഷ്യൻ രാജ്യമായ ഖത്തറാണ് ഇത്തവണത്തെ വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. എന്നാൽ പലപ്പോഴും ഖത്തറിനെ വിമർശിച്ചുകൊണ്ട് യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത് വന്നിരുന്നു. ഖത്തറിലെ കാലാവസ്ഥ ഫുട്ബോൾ താരങ്ങൾക്ക് ബുദ്ധിമുട്ടാണ് എന്നായിരുന്നു ഇവരുടെ ആരോപണം.
എന്നാൽ ഇതിനെയെല്ലാം തള്ളിക്കളഞ്ഞു കൊണ്ട് ജർമ്മൻ ഇതിഹാസമായ ലോതർ മത്തേവൂസ് ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. അതായത് ഖത്തറിലെ സ്റ്റേഡിയങ്ങളും അതിനകത്തെ കാലാവസ്ഥയും പിച്ചുകളുമെല്ലാം വളരെയധികം പെർഫെക്റ്റാണ് എന്നാണ് മത്തേവൂസ് പറഞ്ഞിട്ടുള്ളത്. വേൾഡ് കപ്പ് യോഗ്യതയ്ക്കുള്ള 2 പ്ലേ ഓഫ് മത്സരങ്ങൾ ഈയിടെ ദോഹയിലെ അഹ്‌മദ് ബിൻ അലി സ്റ്റേഡിയത്തിൽ വച്ചായിരുന്നു നടന്നിരുന്നത്.അതിന് സാക്ഷിയായ ശേഷം സംസാരിക്കുകയായിരുന്നു മത്തേവൂസ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) June 16, 2022
” ഖത്തർ വേൾഡ് കപ്പ് ഒരു പെർഫെക്റ്റ് വേൾഡ് കപ്പായിരിക്കും.1986-ലെ വേൾഡ് കപ്പ് വളരെയധികം ചൂടുള്ള സമയത്തായിരുന്നു.1994-ലെ വേൾഡ് കപ്പിലും സമാനമായ അവസ്ഥ തന്നെയായിരുന്നു. പക്ഷേ ഖത്തറിലെ നവംബർ ഡിസംബർ മാസങ്ങളിൽ ഫുട്ബോൾ കളിക്കാൻ വളരെയധികം അനുയോജ്യമായ ഒരു കാലാവസ്ഥയാണ് ഉണ്ടാവുക. കഴിഞ്ഞ ദിവസം ദോഹയിലെ സ്റ്റേഡിയത്തിൽ ഞാനുണ്ടായിരുന്നു. സ്റ്റേഡിയത്തിന് അകത്ത് എനിക്ക് വളരെയധികം കംഫർട്ടബിളായി തോന്നി. സ്റ്റേഡിയം മുഴുവനും എയർകണ്ടീഷൻ ചെയ്തിരുന്നു. അതുകൊണ്ടുതന്നെ താരങ്ങൾക്ക് പെർഫെക്റ്റ് കാലാവസ്ഥയായിരിക്കും. കൂടാതെ പിച്ചും മികച്ചതായിരുന്നു. എല്ലാംകൊണ്ടും ഒരു പെർഫെക്റ്റ് വേൾഡ് കപ്പായിരിക്കും ഇത്തവണത്തേത്. ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിനെതിരെ വിമർശനം വരിക എന്നുള്ളത് സ്വാഭാവികമാണ്. എല്ലാവരും എന്തെങ്കിലുമൊക്കെ കുറ്റം കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഈ വേൾഡ് കപ്പിൽ ഹൈ ലെവൽ മത്സരങ്ങൾ ഉണ്ടാവുമെന്ന് എനിക്കുറപ്പുണ്ട്. ഒരു പാർട്ടിയാണ് ഖത്തർ നമുക്കായി ഒരുക്കിവച്ചിരിക്കുന്നത് ” ഇതാണ് മത്തേവൂസ് പറഞ്ഞിട്ടുള്ളത്.
കൂടാതെ ഖത്തറിലെ സൗകര്യങ്ങളെയും ഇദ്ദേഹം പ്രശംസിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഖത്തറിൽ ഒരുപാട് മനോഹരമായ സൗകര്യങ്ങളുണ്ട്. കൂടാതെ എട്ട് സ്റ്റേഡിയങ്ങളും വളരെ അടുത്തടുത്താണ്. ഇത് ആരാധകർക്ക് വളരെയധികം ഗുണകരമായ ഒരു കാര്യമാണ്. ഒരു സ്റ്റേഡിയത്തിൽ നിന്നും മറ്റൊരു സ്റ്റേഡിയത്തിലേക്ക് പോവാൻ അവർക്ക് ബുദ്ധിമുട്ടേണ്ടി വരുന്നില്ല. ഫുട്ബോളിന് എപ്പോഴും ആളുകളെ കണക്ട് ചെയ്യാൻ സാധിക്കും. ഖത്തറിനും അതിന് സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് മത്തേവൂസ് പറഞ്ഞിട്ടുള്ളത്.
3 വേൾഡ് കപ്പുകളിൽ കളിച്ചിട്ടുള്ള താരമാണ് മത്തേവൂസ്.1990-ലെ വേൾഡ് കപ്പ് കിരീടം ഇദ്ദേഹം ജർമനിക്കൊപ്പം നേടിയിട്ടുമുണ്ട്.