സ്പെയിൻ എന്ന ടീമിനേക്കാൾ മികച്ചതാണ് ക്വാരഷ്ക്കേലിയ എന്ന ഒരൊറ്റ താരം:ഗോൾകീപ്പർ
യൂറോ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പോർച്ചുഗലിനെ അട്ടിമറിച്ചവരാണ് ജോർജിയ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അവരുടെ വിജയം. മത്സരത്തിൽ ഗോൾ നേടാൻ അവരുടെ സൂപ്പർതാരം കിച്ച ക്വാരഷ്ക്കേലിയക്ക് സാധിച്ചിരുന്നു. ആദ്യമായി യൂറോ കപ്പിന് യോഗ്യത നേടിയ ജോർജിയ ആദ്യമായി പ്രീ ക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തു.
എന്നാൽ കരുത്തരായ എതിരാളികളാണ് അവരെ കാത്തിരിക്കുന്നത്.ജോർജിയയും സ്പെയിനും തമ്മിലാണ് പ്രീ ക്വാർട്ടറിൽ ഏറ്റുമുട്ടുക. എന്നാൽ ജോർജിയൻ ഗോൾ കീപ്പറായ മമാർഡഷിലി ആത്മവിശ്വാസത്തിലാണ്. സ്പെയിൻ എന്ന ടീമിനേക്കാൾ വലുതാണ് ക്വാരഷ്ക്കേലിയ എന്ന ഒരൊറ്റ താരം എന്നാണ് ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മുഴുവൻ സ്പെയിൻ ടീമിനെക്കാളും വലുതാണ്, അതല്ലെങ്കിൽ മികച്ചതാണ് ക്വാരഷ്ക്കേലിയ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ യൂറോ കപ്പിലെ കിരീട ഫേവറേറ്റുകളിൽ ഒന്നാണ് അവർ.ഞങ്ങൾ ഒരു ചെറിയ രാജ്യമാണ്.പക്ഷേ ഒരു വലിയ ഹൃദയത്തോടുകൂടിയാണ് ഞങ്ങൾ ഫൈറ്റ് ചെയ്യുന്നത്.സാധ്യമായ ഏറ്റവും മികച്ച രീതിയിൽ ഞങ്ങൾക്ക് ഫൈറ്റ് ചെയ്യേണ്ടതുണ്ട്. ഞങ്ങൾ മത്സരത്തിൽ വിജയിക്കും എന്നൊന്നും ഞാൻ പറയുന്നില്ല.പക്ഷേ അവസാനം വരെ ഞങ്ങൾ പോരാടും. എന്നിട്ട് എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം “ഇതാണ് ജോർജിയൻ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.
അതായത് സ്പാനിഷ് ടീമിലെ മുഴുവൻ താരങ്ങളെക്കാളും മികച്ച താരമാണ് ക്വാരഷ്ക്കേലിയ എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.നിലവിൽ തകർപ്പൻ പ്രകടനമാണ് സ്പെയിൻ നടത്തുന്നത്.ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിലും അവർ വിജയിച്ചിട്ടുണ്ട്. സ്പെയിനിനെ പരാജയപ്പെടുത്തുക എന്നത് ജോർജിയയെ സംബന്ധിച്ചിടത്തോളം കഠിനമായ കാര്യമാണ്.പക്ഷേ പോർച്ചുഗലിനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അവർ കടന്നുവരുന്നത്.