സ്പെയിനും ബ്രസീലും പറഞ്ഞ വാക്ക് പാലിക്കുന്നില്ല,വിനീഷ്യസ് കടുത്ത ദേഷ്യത്തിൽ!

കഴിഞ്ഞ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബ്രസീലും സ്പെയിനും സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.റയൽ മാഡ്രിഡിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന മത്സരത്തിൽ രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതമാണ് നേടിയത്. ബ്രസീലിനു വേണ്ടി റോഡ്രിഗോ,എൻഡ്രിക്ക്,പക്കേറ്റ എന്നിവരാണ് ഗോളുകൾ നേടിയത്. അതേസമയം സ്പെയിനിനു വേണ്ടി റോഡ്രി പെനാൽറ്റിയിലൂടെ ഇരട്ട ഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോൾ ഒൽമോയുടെ വകയായിരുന്നു.

ഈ സൗഹൃദ മത്സരം സ്പെയിനിൽ സംഘടിപ്പിക്കപ്പെട്ടത് പ്രധാനമായും ആന്റി റേസിസം ക്യാമ്പയിനിന്റെ ഭാഗമായി കൊണ്ടായിരുന്നു.സ്പെയിനിൽ വെച്ചുകൊണ്ട് ഒരുപാട് തവണ വംശീയമായ അധിക്ഷേപങ്ങൾക്ക് ഇരയായിട്ടുള്ള താരമാണ് വിനീഷ്യസ്.അതിനെതിരെ ആരാധകരിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ടാണ് ഈ മത്സരം സംഘടിപ്പിച്ചിരുന്നത്.ഈ മത്സരത്തിലൂടെ ലഭിക്കുന്ന തുക ചാരിറ്റിയിലേക്ക് ദാനം ചെയ്യപ്പെടുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പക്ഷേ അങ്ങനെ സംഭവിച്ചിട്ടില്ല. അതായത് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനും ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷനും ഏകദേശം 5 മില്യൺ യൂറോയോളം ഈ സൗഹൃദ മത്സരത്തിലൂടെ സമ്പാദിക്കാൻ കഴിഞ്ഞിട്ടുണ്ട്.പക്ഷേ രണ്ടുപേരും തന്നെ ചാരിറ്റിയിലേക്ക് ഈ തുക നൽകിയിട്ടില്ല. ഇക്കാര്യത്തിൽ വിനീഷ്യസ് ജൂനിയർ നിരാശനാണ്,ദേഷ്യത്തിലാണ് എന്നുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തേക്ക് വന്നു കഴിഞ്ഞു. പ്രമുഖ മാധ്യമമായ ദി അത്ലറ്റിക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഈ സൗഹൃദ മത്സരത്തിലൂടെ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയത് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ തന്നെയാണ്. പക്ഷേ ചാരിറ്റിയിലേക്ക് യാതൊരുവിധ സഹായങ്ങളും അവർ നൽകിയിട്ടില്ല എന്നത് വിനീഷ്യസിനെ കൂടുതൽ അസ്വസ്ഥനാക്കുന്നുണ്ട്. പ്രധാനമായും വിനിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടത്തപ്പെട്ട മത്സരം കൂടിയാണ് ഇത്. മത്സരത്തിൽ ബ്രസീലിന്റെ ക്യാപ്റ്റനായി കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടതും വിനീഷ്യസ് ജൂനിയർ തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *