സ്പാനിഷ് ടീമിൽ ഇടം ലഭിച്ചില്ല, കടുത്ത അസംതൃപ്തനായി സെർജിയോ റാമോസ്.
ഈ വരുന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് വമ്പൻമാരായ സ്പെയിൻ ഉള്ളത്.രണ്ട് മത്സരങ്ങളാണ് സ്പെയിൻ കളിക്കുക. ആദ്യ മത്സരത്തിൽ സ്വിറ്റ്സർലാന്റും രണ്ടാമത്തെ മത്സരത്തിൽ പോർച്ചുഗല്ലുമാണ് സ്പെയിനിന്റെ എതിരാളികൾ. നിലവിൽ സ്പെയിൻ തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത് ഉള്ളത്.
ഈ മത്സരങ്ങൾക്കുള്ള 23 അംഗ സ്‌ക്വാഡിനെ നേരത്തെ തന്നെ പരിശീലകനായ ലൂയിസ് എൻറിക്കെ പ്രഖ്യാപിച്ചിരുന്നു. സൂപ്പർ താരവും മുൻ നായകനുമായിരുന്ന സെർജിയോ റാമോസിന് ഈ സ്‌ക്വാഡിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല. ഏറ്റവും മികച്ച താരങ്ങളാണ് സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുകയെന്നും റാമോസിനെക്കാൾ മികച്ച താരങ്ങൾ ഇവിടെയുണ്ട് എന്നുമായിരുന്നു ഇതിനുള്ള വിശദീകരണമായി കൊണ്ട് എൻറിക്കെ നൽകിയിരുന്നത്.
എന്നാൽ പരിശീലകന്റെ ഈ തീരുമാനത്തിൽ റാമോസ് കടുത്ത അസംതൃപ്തനാണ് എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്കു വരുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Sergio Ramos (36) unhappy about Luis Enrique's decision not to call him up for Spain. (Mundo Deportivo)https://t.co/eN38iT9qCo
— Get Spanish Football News (@GSpanishFN) September 20, 2022
സ്പെയിനിന്റെ ദേശീയ ടീമിന് വേണ്ടി റാമോസ് ഒരു മത്സരം കളിച്ചിട്ട് ഇപ്പോൾ ഏറെക്കാലമായിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പരിക്കു മൂലം പിഎസ്ജിക്ക് വേണ്ടി വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമായിരുന്നു താരം കളിച്ചിരുന്നത്.എന്നാൽ ഈ സീസണിൽ കാര്യങ്ങൾ വ്യത്യസ്തമാണ്.പിഎസ്ജിക്ക് വേണ്ടി എല്ലാ മത്സരങ്ങളും കളിച്ച താരം മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്.
ഖത്തർ വേൾഡ് കപ്പിന് മുന്നേ ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള റാമോസിന്റെ അവസാനത്തെ അവസരമായിരുന്നു ഇത്. എന്നാൽ ഈ സ്‌ക്വാഡിൽ നിന്നും എൻറിക്കെ തഴഞ്ഞതിൽ റാമോസിന് കടുത്ത നിരാശയുണ്ട്. ഇനി ഖത്തർ വേൾഡ് കപ്പിനുള്ള ടീമിൽ ഇടം നേടണമെങ്കിൽ,അതിന് മുന്നേ പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. എന്നാൽ തന്നെ സ്പാനിഷ് ടീമിൽ ഇടം ലഭിക്കുമോ എന്നുള്ളത് സംശയം ഉണ്ടാക്കുന്ന കാര്യമാണ്.