സ്കലോണിക്ക് മുമ്പിൽ മികച്ചവനാണെന്ന് തെളിയിക്കും, സ്ഥാനത്തിനായി പോരാടും, ഇരട്ടഗോൾ നേടിയ ശേഷം അർജന്റൈൻ താരം പറയുന്നു !

കഴിഞ്ഞ ദിവസം സിരി എയിൽ നടന്ന മത്സരത്തിൽ 3-2 എന്ന സ്കോറിന് കാഗ്ലിയാരി ടോറിനോയെ തോൽപ്പിച്ചിരുന്നു. മത്സരത്തിൽ ഇരട്ടഗോളുകൾ നേടികൊണ്ട് മുന്നിൽ നിന്ന് നയിച്ചത് അർജന്റൈൻ താരം ജിയോവാന്നി സിമിയോണിയായിരുന്നു. അർജന്റീനയുടെ അവസാനമായി നടന്ന രണ്ട് മത്സരങ്ങളിൽ കളിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. എന്നിരുന്നാലും പ്രതീക്ഷകൾ കൈവിടാൻ സിമിയോണി ഒരുക്കമല്ല. അർജന്റീന ടീമിൽ തന്റെ സ്ഥാനത്തിനായി താൻ പോരാടുമെന്നും സ്കലോണിക്ക് മുമ്പിൽ മികച്ചവനാണെന്ന് തെളിയിക്കുമെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് സിമിയോണി.മത്സരശേഷം ഡയാറിയോ ഒലെയോട് സംസാരിക്കുകയായിരുന്നു താരം.ഗോളുകൾ മാത്രമല്ല തന്റെ ലക്ഷ്യമെന്നും തന്നിൽ നിന്നും എന്താണോ പരിശീലകൻ പ്രതീക്ഷിക്കുന്നത് അതെല്ലാം നൽകാനാണ് താൻ ശ്രമിക്കുന്നതെന്നും സിമിയോണി കൂട്ടിച്ചേർത്തു.

” ഒരുപാട് സന്തോഷം തോന്നുന്നു. മഹത്തായ ഒരു നിമിഷമാണിത്. ഇറ്റലിയിൽ അൻപത് ഗോളുകൾ പൂർത്തിയാക്കാൻ ഇപ്പോൾ കഴിഞ്ഞിരിക്കുന്നു. ഇതെനിക്ക് സ്വയം ഒരു പ്രചോദനവും കരുത്തും പകർന്നു നൽകുന്നുണ്ട്. ഞാൻ ഇതേ രീതിയിൽ തന്നെ മുന്നോട്ട് പോവേണ്ടത്. ഗോളുകൾ നേടണം, പരിശീലകന് മുന്നിൽ മികച്ചവനാണെന്ന് തെളിയിക്കണം. ദേശീയടീമിൽ എന്റെ സ്ഥാനത്തിനായി പോരാടണം. സത്യം എന്തെന്നാൽ എന്റെ ലക്ഷ്യം കേവലം ഗോളുകൾ മാത്രമല്ല. ഓരോ മത്സരത്തിലും എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പരിശീലകൻ എന്നിൽ നിന്നും എന്താണോ പ്രതീക്ഷിക്കുന്നത് അത് നൽകാൻ വേണ്ടിയാണ് ഞാൻ ശ്രമിക്കുന്നത് ” സിമിയോണി പറഞ്ഞു. ഈ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിജയിക്കാൻ സ്കലോണിയുടെ കീഴിലുള്ള അർജന്റീനക്ക് സാധിച്ചിരുന്നു. ഇക്വഡോറിനെ ഒരു ഗോളിന് കീഴടക്കിയപ്പോൾ ബൊളീവിയയെ 2-1 നാണ് കീഴടക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *