സൂപ്പർ താരത്തിന് ഖത്തർ വേൾഡ് കപ്പ് നഷ്ടമാകും, സ്ഥിരീകരിച്ച് ഏജന്റ!

ഖത്തർ വേൾഡ് കപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് പരിക്കുകൾ പല ദേശീയ ടീമുകൾക്കും വലിയ തലവേദനയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അതിൽ ഫ്രഞ്ച് ടീമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അവരുടെ സൂപ്പർതാരമായ എങ്കോളോ കാന്റെക്ക് വേൾഡ് കപ്പ് നഷ്ടമാകുമെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. മാത്രമല്ല പരിക്കു മൂലം പുറത്തിരിക്കുന്ന വരാനെയുടെ കാര്യത്തിലും ആശങ്കകൾ ഉണ്ട്.

അതേസമയം മറ്റൊരു സൂപ്പർതാരമായ പോൾ പോഗ്ബയുടെ കാര്യത്തിലുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് അദ്ദേഹത്തിന്റെ ഏജന്റ് തന്നെ പുറത്തു വിട്ടിട്ടുണ്ട്. അതായത് വരുന്ന ഖത്തർ വേൾഡ് കപ്പിൽ പോഗ്ബക്ക് പങ്കെടുക്കാൻ സാധിക്കില്ല എന്നാണ് അദ്ദേഹത്തിന്റെ ഏജന്റായ റഫയേല പിമേന്റ പറഞ്ഞിട്ടുള്ളത്. നിലവിൽ പരിക്കു മൂലം പുറത്തിരിക്കുന്ന താരമാണ് പോഗ്ബ. ഈ പരിക്കിൽ നിന്നും മുക്തനാവുന്ന വേളയിൽ പരിശീലനത്തിനിടെ വീണ്ടും പോഗ്ബക്ക് പരിക്കേൽക്കുകയായിരുന്നു.കാൽതുടക്കാണ് പോഗ്ബക്ക് പരിക്കേറ്റിരിക്കുന്നത്.

” പോഗ്ബക്ക് ഉടൻ തന്നെ കളത്തിലേക്ക് തിരിച്ചെത്താൻ കഴിയില്ല.എത്രയും പെട്ടെന്ന് തിരിച്ചെത്താൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട് എന്നുള്ളത് സത്യമാണ്.പക്ഷേ അദ്ദേഹം ക്ഷമ കാണിക്കേണ്ട ഒരു സമയമാണിത്.ഈ ബുദ്ധിമുട്ടേറിയ സമയത്ത് അദ്ദേഹം ഹാർഡ് വർക്ക് ചെയ്യണം. ആരാധകർക്കും അദ്ദേഹത്തിന്റെ ടീമിനും വേണ്ടി എത്രയും പെട്ടെന്ന് കളത്തിലേക്ക് തിരിച്ചെത്താൻ വേണ്ടി നല്ല രൂപത്തിൽ അദ്ദേഹം അധ്വാനിക്കണം ” ഇതാണ് പോഗ്ബയുടെ ഏജന്റ് പറഞ്ഞിട്ടുള്ളത്.

റഷ്യൻ വേൾഡ് കപ്പ് കിരീടം നേടിയ ഫ്രഞ്ച് ദേശീയ ടീമിന്റെ വളരെ പ്രധാനപ്പെട്ട താരമായിരുന്നു പോഗ്ബ. അദ്ദേഹത്തിന്റെ അഭാവം ഈ വരുന്ന വേൾഡ് കപ്പിൽ ഫ്രാൻസിനെ പ്രതികൂലമായി ബാധിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *