സൂപ്പർ താരങ്ങൾ ഗോളടിച്ചു, ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി മാറി ജർമ്മനി!
ഇന്നലെ നടന്ന യുവേഫയുടെ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വമ്പൻമാരായ ജർമ്മനിക്ക് തകർപ്പൻ വിജയം.എതിരില്ലാത്ത നാല് ഗോളുകൾക്ക് നോർത്ത് മാസിഡോണിയയെയാണ് അവർ പരാജയപ്പെടുത്തിയത്.സൂപ്പർ താരം ടിമോ വെർണറുടെ ഇരട്ടഗോളുകളാണ് ഫ്ലിക്കിന്റെ സംഘത്തിന് ജയം സമ്മാനിച്ചത്. ഇതോട് കൂടി ഖത്തർ വേൾഡ് കപ്പിന് ആദ്യമായി യോഗ്യത നേടുന്ന ടീമായി മാറാൻ ജർമ്മനിക്ക് സാധിച്ചു. നിലവിൽ ആതിഥേയരായ ഖത്തർ മാത്രമാണ് വേൾഡ് കപ്പിൽ സ്ഥാനമുറപ്പിച്ചിട്ടുള്ളത്.ഗ്രൂപ്പ് ജെയിൽ ഒന്നാം സ്ഥാനക്കാരായി കൊണ്ടാണ് ജർമ്മനി യോഗ്യത നേടിയത്.8 മത്സരങ്ങളിൽ നിന്ന് 21 പോയിന്റാണ് ജർമ്മൻ പടയുടെ സമ്പാദ്യം.
👏 Congratulations Germany! The 4-time #WorldCup winners have become the 1st team to join hosts Qatar at the 22nd global finals 🏆 pic.twitter.com/jBy4YsnZTm
— FIFA World Cup (@FIFAWorldCup) October 11, 2021
മത്സരത്തിന്റെ ആദ്യപകുതിയിൽ ഗോളുകൾ നേടാൻ ജർമ്മനിക്ക് സാധിക്കാതെ പോവുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ജർമ്മനി ഗോളടിച്ചു കൂട്ടി.50-ആം മിനുട്ടിൽ മുള്ളറുടെ അസിസ്റ്റിൽ നിന്ന് ഹാവെർട്സാണ് ഗോൾ നേടിയത്.70-ആം മിനുട്ടിൽ മുള്ളറുടെ അസിസ്റ്റിൽ നിന്ന് വെർണർ വല കുലുക്കി.73-ആം മിനുട്ടിൽ വിർട്സിന്റെ അസിസ്റ്റിൽ നിന്നും വീണ്ടും വെർണറുടെ ഗോൾ പിറന്നു.83-ആം മിനുട്ടിലാണ് യുവസൂപ്പർ താരം മുസിയാല ജർമ്മനിയുടെ ഗോൾ പട്ടിക പൂർത്തിയാക്കിയത്.