സുവാരസ് പറഞ്ഞതിൽ കാര്യമുണ്ട്: ബിയൽസക്കെതിരെയുള്ള ആരോപണങ്ങൾ ശരിവെച്ച് വാൽവർദെയും
ഈയിടെയായിരുന്നു ഉറുഗ്വൻ സൂപ്പർ താരമായിരുന്ന ലൂയിസ് സുവാരസ് ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. അദ്ദേഹത്തിന് ഗംഭീരമായ ഒരു വിടവാങ്ങൽ ചടങ്ങ് ഉറുഗ്വ നൽകുകയും ചെയ്തിരുന്നു.എന്നാൽ കഴിഞ്ഞദിവസം അദ്ദേഹം നൽകിയ അഭിമുഖത്തിൽ ഉറുഗ്വയുടെ നിലവിലെ പരിശീലകനായ മാഴ്സെലോ ബിയൽസക്കെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റവും താരങ്ങളെ ട്രീറ്റ് ചെയ്യുന്ന രീതിയുമൊക്കെയായിരുന്നു സുവാരസിന്റെ വിമർശനങ്ങൾക്ക് വിധേയമായിരുന്നത്.
ടീമിനകത്ത് പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നത് ഇതോടെ വ്യക്തമായിരുന്നു. ഇപ്പോൾ ഉറുഗ്വൻ സൂപ്പർ താരമായ ഫെഡ വാൽവെർദെയും ഇക്കാര്യം ശരിവെച്ചിട്ടുണ്ട്.സുവാരസ് പറയുന്നതിൽ കാര്യമുണ്ട് എന്നാണ് വാൽവെർദെ പറഞ്ഞിട്ടുള്ളത്.എന്നാൽ ഇത് ടീമിനകത്ത് വെച്ച് സംസാരിക്കണം ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ഫെഡയുടെ വാക്കുകൾ ഇങ്ങനെയാണ്.
” അദ്ദേഹം പറഞ്ഞത് പലതും സത്യമാണ്.നമുക്കത് നിഷേധിക്കാൻ കഴിയില്ല.നമ്മൾ എപ്പോഴും സത്യസന്ധത പുലർത്തേണ്ടതുണ്ട്.പക്ഷേ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഏറ്റവും മികച്ച കാര്യം എന്നുള്ളത് പരസ്പരം സംസാരിച്ച തീർക്കുക എന്നുള്ളതാണ്. ഇത് ടീമിനകത്ത് വെച്ചുകൊണ്ട് തന്നെ സംസാരിക്കേണ്ടതായിരുന്നു. എന്തൊക്കെ സംഭവിച്ചാലും ഞങ്ങൾ മുന്നോട്ട് പോകേണ്ടതുണ്ട്. ഈ രാജ്യത്തിന്റെ ജേഴ്സി അണിഞ്ഞുകൊണ്ട് ഏറ്റവും മികച്ച പ്രകടനങ്ങൾ നടത്താനും വിജയങ്ങൾ നേടിക്കൊടുക്കാനും വേണ്ടി മാത്രമാണ് ഞങ്ങൾ ചിന്തിക്കേണ്ടത് ” ഇതാണ് വാൽവെർദെ പറഞ്ഞിട്ടുള്ളത്.
ഈ ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ഉറുഗ്വ കളിക്കുന്നത്.പെറുവും ഇക്വഡോറുമാണ് എതിരാളികൾ. 8 മത്സരങ്ങളിൽ നിന്ന് 15 പോയിന്റ് ഉള്ള ഉറുഗ്വ നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.