സുവാരസിന് പിന്നാലെ കവാനിക്കും യാത്രയയപ്പ് നൽകാൻ ഉറുഗ്വ!
ഉറുഗ്വൻ ദേശീയ ടീമിന്റെ ചരിത്രത്തിൽ അവർക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ സൂപ്പർതാരമാണ് ലൂയിസ് സുവാരസ്.എന്നാൽ ഈയിടെ അദ്ദേഹം ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ചിരുന്നു. തുടർന്ന് ഉറുഗ്വൻ ദേശീയ ടീം ഗംഭീരമായ ഒരു വിടവാങ്ങൽ ചടങ്ങ് അദ്ദേഹത്തിന് നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ പരാഗ്വക്കെതിരെയുള്ള മത്സരത്തിന് മുന്നേയായിരുന്നു സുവാരസിനെ ഉറുഗ്വ അർഹിച്ച രൂപത്തിൽ ആദരിച്ചത്.
ദീർഘകാലം ഉറുഗ്വക്ക് വേണ്ടി കളിച്ചിട്ടുള്ള സൂപ്പർ താരമാണ് എഡിൻസൺ കവാനി.ഏറ്റവും ഒടുവിൽ 2022 വേൾഡ് കപ്പിൽ ആയിരുന്നു അദ്ദേഹം ദേശീയ ടീമിന് വേണ്ടി കളിച്ചിരുന്നത്.പിന്നീട് കഴിഞ്ഞ മെയ് 30 ആം തീയതി അദ്ദേഹം ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കുകയായിരുന്നു. തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കവാനി ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
ഇപ്പോൾ കവാനിക്കും ഒരു യാത്രയയപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് ഉറുഗ്വൻ ദേശീയ ടീം ഉള്ളത്. അടുത്ത മാസത്തെ ഇന്റർനാഷണൽ ബ്രേക്കിൽ നൽകാനായിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നത്.എന്നാൽ അതിൽ മാറ്റം വരുത്തിയിട്ടുണ്ട്. നവംബറിൽ കൊളംബിയക്കെതിരെ ഒരു മത്സരം ഉറുഗ്വ കളിക്കുന്നുണ്ട്. ആ മത്സരത്തിന് മുന്നോടിയായി കൊണ്ടാണ് താരത്തിന് ആദരം നൽകുക.മോന്റെവീഡിയോയിലെ സെന്റനെരി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ ചടങ്ങ് നടക്കുക.
2008 ലായിരുന്നു ഇദ്ദേഹം ഉറുഗ്വൻ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം നടത്തിയത്.136 മത്സരങ്ങളാണ് അവർക്ക് വേണ്ടി താരം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 58 ഗോളുകളും 19 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.ഉറുഗ്വൻ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം കവാനിയാണ്. 68 ഗോളുകൾ നേടിയ സുവാരസാണ് ഒന്നാം സ്ഥാനത്തുള്ളത്. നിലവിൽ അർജന്റൈൻ ക്ലബ്ബായ ബൊക്ക ജൂനിയേഴ്സിന് വേണ്ടിയാണ് കവാനി കളിച്ചുകൊണ്ടിരിക്കുന്നത്.