സുപ്രധാന താരങ്ങൾക്ക് പരിക്ക്, ബെൽജിയത്തിന് ആശങ്ക!

ഇന്നലെ യൂറോ കപ്പിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബെൽജിയം പോർച്ചുഗല്ലിനെ കീഴടക്കിയത്. മത്സരത്തിൽ തോർഗൻ ഹസാർഡാണ് ബെൽജിയത്തിന്റെ വിജയഗോൾ നേടിയത്. മത്സരം വിജയിച്ചു കൊണ്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത് ബെൽജിയത്തിന് സന്തോഷം നൽകുന്ന കാര്യമാണെങ്കിലും ഈ മത്സരം ചില ആശങ്കകൾ കൂടി ബാക്കിവെച്ചിട്ടുണ്ട്. തങ്ങളുടെ സുപ്രധാന താരങ്ങൾക്ക് പരിക്കേറ്റതാണ് ഇപ്പോൾ ബെൽജിയത്തിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. മധ്യനിരയിലെ അവിഭാജ്യഘടകം കെവിൻ ഡിബ്രൂയിന, സൂപ്പർ താരം ഈഡൻ ഹസാർഡ് എന്നിവരാണ് പരിക്കിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്നത്.

മത്സരത്തിന്റെ നാല്പത്തിയെട്ടാം മിനുട്ടിലാണ് ഡി ബ്രൂയിനക്ക് പരിക്കേറ്റത്.ആങ്കിൾ ഇഞ്ചുറിയാണ് താരത്തിന് പിടിപെട്ടിരിക്കുന്നത്.അതേസമയം മത്സരത്തിന്റെ 87-ആം മിനുട്ടിലാണ് ഈഡൻ ഹസാർഡ് പരിക്ക് മൂലം പിൻവാങ്ങുന്നത്. മസിൽ ഇഞ്ചുറിയാണ് താരത്തിന് വിനയായിരിക്കുന്നത്.ഇരുവരെയും കൂടുതൽ പരിശോധനകൾക്ക് വിധേയരാക്കുമെന്ന് ബെൽജിയത്തിന്റെ പരിശീലകനായ റോബെർട്ടോ മാർട്ടിനെസ് അറിയിച്ചിട്ടുണ്ട്.

” പരിക്കുകളുടെ വ്യാപ്തി കണ്ടെത്തണമെങ്കിൽ ഞങ്ങൾക്ക് 48 മണിക്കൂർ ആവിശ്യമാണ്.കെവിൻ ഡിബ്രൂയിനക്ക് ആങ്കിൾ ഇഞ്ചുറിയാണ് പിടിപെട്ടിരിക്കുന്നത്.അതൊരു മോശം ടാക്കിളായിരുന്നു.ഈഡൻ ഹസാർഡിന് മസിലിനാണ് അസ്വസ്ഥതകൾ ഉള്ളത്.ഞങ്ങൾ ഇന്ന് ബെൽജിയത്തിലേക്ക് മടങ്ങും. നാളെ ഇവരെ സ്കാനിംങ്ങിന് വിധേയരാക്കും ” ഇതാണ് മാർട്ടിനെസ് പറഞ്ഞിട്ടുള്ളത്.ഇറ്റലിയെയാണ് ക്വാർട്ടർ ഫൈനലിൽ ബെൽജിയം നേരിടേണ്ടത്. ഈ മത്സരത്തിന് ഇരുവരെയും ലഭ്യമായിട്ടില്ലെങ്കിൽ അതൊരു വലിയ തിരിച്ചടിയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *