സിദാന്റെ കാര്യത്തിൽ പ്രസിഡന്റ് മാപ്പ് പറയണമെന്ന് മന്ത്രി, പ്രതികരിച്ച് കിലിയൻ എംബപ്പേയും!

ഫ്രഞ്ച് ഇതിഹാസമായ സിനദിൻ സിദാനെ കുറിച്ച് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായ നോയൽ ഗ്രേറ്റ് കഴിഞ്ഞ ദിവസം പറഞ്ഞ പ്രസ്താവന വലിയ രൂപത്തിൽ വിവാദമായിരുന്നു.സിദാനെ അപമാനിക്കുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്.സിദാൻ എന്ത് ചെയ്താലും താനത് കാര്യമാക്കുന്നില്ല എന്നായിരുന്നു പ്രസിഡന്റ് പറഞ്ഞിരുന്നത്. മാത്രമല്ല അദ്ദേഹം കോൾ ചെയ്താൽ ഫോൺ എടുക്കാൻ പോലും താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രസിഡന്റ്‌ കൂട്ടിച്ചേർത്തിരുന്നു.

ഇതിനെതിരെ ഇപ്പോൾ വ്യാപകമായ പ്രതിഷേധങ്ങളാണ് ഫ്രാൻസിൽ നിന്ന് തന്നെ ഉയരുന്നത്. സൂപ്പർ താരം കിലിയൻ എംബപ്പേ ഇതിനെതിരെ ഒരു ട്വീറ്റുമായി രംഗത്ത് വന്നിട്ടുണ്ട്. ” സിദാൻ എന്നാൽ ഫ്രാൻസാണ്.ഒരു ഇതിഹാസത്തെ നാം ഇങ്ങനെ അപമാനിക്കാൻ പാടില്ല ” ഇതായിരുന്നു എംബപ്പേയുടെ ട്വീറ്റ്. മാത്രമല്ല ഫ്രഞ്ച് കായിക മന്ത്രിയും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

” സിദാനെതിരെയുള്ള പ്രസിഡന്റിന്റെ പ്രസ്താവന നാണക്കേട് ഉണ്ടാക്കുന്നതും ബഹുമാനമില്ലാത്തതുമാണ്. ആ പ്രസ്താവന നമ്മെ എല്ലാവരെയും വേദനിപ്പിച്ചിട്ടുണ്ട്.സിദാൻ ഫുട്ബോൾ ലോകത്തെ മാത്രമല്ല കായികലോകത്തെ തന്നെ ഒരു ഇതിഹാസമാണ്. ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്. തീർച്ചയായും അദ്ദേഹം അതിന് സിദാനോട് മാപ്പ് പറയേണ്ടതുണ്ട് ” ഇതാണ് ഫ്രഞ്ച് സ്പോർട്സ് മിനിസ്റ്ററായ അമേലി കാസ്റ്റേര ട്വീറ്റ് ചെയ്തിട്ടുള്ളത്.

ഏതായാലും ഈ വിവാദങ്ങളോട് ഇതുവരെ സിദാൻ പ്രതികരിച്ചിട്ടില്ല. അദ്ദേഹം വൈകാതെ തന്നെ ഒരു പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തും എന്നാണ് അറിയാൻ സാധിക്കുന്നത്. ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ അദ്ദേഹത്തിനു വേണ്ടി ഇപ്പോൾ ശ്രമങ്ങൾ നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *