സിംഹങ്ങൾ ഇന്നിറങ്ങുന്നുണ്ട് : സാഡിയോ മാനെയുടെ ഹൃദയസ്പർശിയായ കുറിപ്പ്.
ഇന്ന് ഫിഫ വേൾഡ് കപ്പിൽ നടക്കുന്ന മത്സരത്തിൽ ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗൽ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. നെതർലാൻഡ്സാണ് സെനഗലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈ മത്സരം നടക്കുക.
സൂപ്പർ താരം സാഡിയോ മാനെയുടെ അഭാവമാണ് സെനഗലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ തിരിച്ചടി.ഏതായാലും മത്സരത്തിന് മുന്നേ ആരാധകർ ഹൃദയത്തിൽ നിന്നുള്ള ഒരു സന്ദേശം മാനെ തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ കൈമാറിയിട്ടുണ്ട്. സിംഹങ്ങൾ എന്നാണ് സെനഗൽ ദേശീയ ടീമിനെ അദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളത്.മാനെയുടെ വാക്കുകൾ ഇങ്ങനെയാണ്.
Senegal announce Sadio Mané will miss the World Cup 💔 pic.twitter.com/SmO4ue47iI
— B/R Football (@brfootball) November 17, 2022
” ഈ ആഴ്ചയുടെ മധ്യത്തിൽ വെച്ച് ഞാൻ എന്റെ സർജറി പൂർത്തിയാക്കിയിരുന്നു. എന്നെ പിന്തുണച്ചവർക്കും എനിക്ക് സന്ദേശങ്ങൾ അയച്ചവർക്കും ഞാൻ നന്ദി പറയുന്നു.ഇന്ന് ഞങ്ങളുടെ പ്രിയപ്പെട്ട രാജ്യം ഖത്തർ വേൾഡ് കപ്പിൽ പോരാടാൻ ഇറങ്ങുകയാണ്. ഞങ്ങളുടെ ഈ സിംഹങ്ങൾ ഓരോ മത്സരവും ഫൈനൽ എന്ന പോലെ സമീപിക്കും എന്നുള്ള കാര്യം എനിക്ക് ഉറപ്പാണ്. മാത്രമല്ല എല്ലാ സെനഗലീസ് ആളുകളും ടീമിനെ സപ്പോർട്ട് ചെയ്തുകൊണ്ട് സ്ക്രീനിന് മുന്നിൽ ഉണ്ടാവും എന്നുള്ള കാര്യം എനിക്ക് ഉറപ്പാണ്. ഞങ്ങളുടെ എല്ലാ താരങ്ങളും നല്ല രൂപത്തിൽ തന്നെ വേൾഡ് കപ്പിൽ പോരടിക്കും. അക്കാര്യത്തിൽ എനിക്ക് സംശയങ്ങൾ ഒന്നുമില്ല ” ഇതാണ് മാനെ ഇപ്പോൾ കുറിച്ചിരിക്കുന്നത്.
സെനഗലിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം ഒട്ടും എളുപ്പമാവില്ല. എന്നിരുന്നാലും നെതർലാന്റ്സിനെതിരെ മികച്ച പോരാട്ടവീര്യം സെനഗൽ നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.