വേൾഡ് കപ്പ് രണ്ട് വർഷം കൂടുമ്പോൾ നടത്തണം : വിശദീകരിച്ച് മഷെരാനോ!

ഫുട്ബോൾ ഭൂപടത്തിലെ ഏറ്റവും വലിയ പോരാട്ടമായ ഫിഫ വേൾഡ് കപ്പ് നാല് വർഷത്തിലൊരിക്കലാണ് നടത്തി വരാറുള്ളത്. എന്നാൽ ഈ രീതി പഴഞ്ചനായെന്നും രണ്ട് വർഷം കൂടുംതോറും വേൾഡ് കപ്പ് നടത്തണമെന്നുള്ള അഭിപ്രായങ്ങൾ ഫുട്ബോൾ ലോകത്ത് നിന്ന് ഉയർന്നു കേട്ടിരുന്നു. ആഴ്സണലിന്റെ ഇതിഹാസപരിശീലകനായിരുന്ന ആഴ്സൻ വെങ്ങറായിരുന്നു ഈ ആശയം ഉയർത്തി കാട്ടിയ പ്രമുഖ വ്യക്തികളിൽ ഒരാൾ. ഏതായാലും രണ്ട് വർഷത്തിലൊരിക്കൽ വേൾഡ് കപ്പ് നടത്തണമെന്ന ആശയത്തെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ അർജന്റൈൻ സൂപ്പർ താരമായ ഹവിയർ മഷെരാനോ.രണ്ട് വർഷം കൂടുംതോറും വേൾഡ് കപ്പ് നടത്തുന്നത് പോസിറ്റീവ് ആയ കാര്യമായിരിക്കുമെന്നാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം ഇഎഫ്ഇ എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു മഷെരാനോ.

” ഈ ലോകം ഇപ്പോൾ ഒരുപാട് മാറിയിട്ടുണ്ട്. വളരെ വേഗത്തിലാണ് അത് ചലിച്ചു കൊണ്ടിരിക്കുന്നത്.മുമ്പ് സാധാരണ രീതിയിൽ നടന്നു കൊണ്ടിരുന്ന കാര്യങ്ങൾ ഇപ്പോൾ അങ്ങനെയല്ല നടക്കുന്നത്.ലോകത്തിലെ ഏറ്റവും മനോഹരമായ ഒരു ഇവന്റിന് വേണ്ടി നാല് വർഷത്തോളം കാത്തിരിക്കുക എന്നുള്ളത് വലിയൊരു കാലയളവാണ്.രണ്ട് വർഷം കൂടും തോറും വേൾഡ് കപ്പ് നടത്തിയാൽ അതിന്റെ മൂല്യവും ആവേശവും കുറയുമെന്ന് വിശ്വസിക്കുന്ന ചില ആളുകളുണ്ടെന്ന് ഞാൻ മനസിലാക്കുന്നു.പക്ഷേ ഈയൊരു പ്രക്രിയ ഇതേ രൂപത്തിൽ തന്നെ മുന്നോട്ട് പോകുന്നത് കൊണ്ടാണ് ആളുകൾ ഇങ്ങനെ വിശ്വസിക്കുന്നത്.ശരിക്കും അതൊരു യാഥാസ്ഥിതികമായ ചിന്താഗതി. ഏതൊരു കാര്യത്തിലും അത് സാധാരണയാണ്.പക്ഷേ ഒരു തവണ വേൾഡ് കപ്പ് രണ്ട് വർഷത്തിൽലൊരിക്കൽ നടത്തിയാൽ,എന്ത് കൊണ്ട് ഇനി മുതൽ സ്ഥിരമായി വേൾഡ് കപ്പ് രണ്ട് വർഷം കൂടുമ്പോൾ നടത്തിക്കൂടാ എന്ന് ഒരുപാട് ആളുകൾ ചിന്തിച്ചു തുടങ്ങും. അക്കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്.ഇനി ഇതിനെ വസ്തുനിഷ്‌ടമായി വിലയിരുത്തുകയാണെങ്കിൽ ഒരുപാട് ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്.ഓരോ വർഷം കൂടുംതോറുമാണ് നമ്മൾ ചാമ്പ്യൻസ് ലീഗും കോപ്പ ലിബർട്ടഡോറസുമൊക്കെ നടത്താറുള്ളത്.അതിന്റെ മഹത്വം ഒട്ടും നഷ്ടപ്പെടാതെ തന്നെ നല്ല രീതിയിൽ അത് മുന്നോട്ട് പോവുന്നത് നമുക്ക് കാണാൻ സാധിക്കുന്നുമുണ്ട് ” ഇതാണ് മഷെരാനോ പറഞ്ഞത്. ഏതായാലും രണ്ട് വർഷത്തിലൊരിക്കൽ വേൾഡ് കപ്പ് നടത്തണമെന്ന വാദത്തെ അനുകൂലിക്കുന്നവരെയും പ്രതികൂലിക്കുന്നവരെയും നമുക്ക് ഫുട്ബോൾ ലോകത്ത് കാണാൻ സാധിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!