വേൾഡ് കപ്പ് നേടൽ എളുപ്പമുള്ള കാര്യമല്ല: അവസാനമായി ലാറ്റിനമേരിക്കൻ ടീം വേൾഡ് കപ്പ് നേടിയതിന്റെ ഓർമ്മ പുതുക്കി ബ്രസീലിയൻ ഇതിഹാസം!

2002 ലായിരുന്നു ബ്രസീൽ അവസാനമായി ഫിഫ വേൾഡ് കപ്പിൽ മുത്തമിട്ടത്. ഒരു ലാറ്റിനമേരിക്കൻ രാജ്യം അവസാനമായി വേൾഡ് കപ്പ് കിരീടം നേടിയതും അന്നുതന്നെയാണ്. ആ കിരീടനേട്ടത്തിന്റെ ഇരുപതാം വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോ അതിന്റെ ഓർമ്മകൾ ഇപ്പോൾ പുതുക്കിയിട്ടുണ്ട്.

വേൾഡ് കപ്പ് നേടുക എന്നുള്ളത് എളുപ്പമുള്ള ഒരു കാര്യമല്ലെന്നും അതുകൊണ്ടുതന്നെ അതിന്റെ വാർഷികം എപ്പോഴും ആഘോഷിക്കണമെന്നുമാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എന്നെ സംബന്ധിച്ചിടത്തോളം ഈ ദിവസം വളരെയധികം പ്രത്യേകത നിറഞ്ഞതാണ്. കാരണം ഞങ്ങൾ വേൾഡ് കപ്പ് നേടിയിട്ട് 20 വർഷങ്ങൾ പൂർത്തിയാവുന്നു.ഞാനും എന്റെ സഹതാരങ്ങളും അതൊരിക്കലും മറക്കുകയില്ല.ആ കിരീടനേട്ടത്തിൽ പങ്കാളിയായ എല്ലാവരെയും ഞാൻ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു. ഈയൊരു നേട്ടത്തിന്റെ വാർഷികം വന്നു കഴിഞ്ഞാൽ അത് ആഘോഷിക്കൽ അത്യാവശ്യമായ കാര്യമാണ്.കാരണം വേൾഡ് കപ്പ് കിരീടം നേടുക എന്നുള്ളത് എളുപ്പമുള്ള ഒരു കാര്യമല്ല” ഇതാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്.

ആ വേൾഡ് കപ്പ് കിരീടം നേട്ടത്തിൽ മുഖ്യ പങ്കുവഹിക്കാൻ റിവാൾഡോക്ക് സാധിച്ചിരുന്നു. 5 ഗോളുകളായിരുന്നു ആ ടൂർണമെന്റിൽ റിവാൾഡോ നേടിയിരുന്നത്.ഏറ്റവും മികച്ച നാലാമത്തെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും റിവാൾഡോ തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *