വേൾഡ് കപ്പ് ടീമിൽ ഡാനി ആൽവെസുണ്ടാവും : ബ്രസീലിയൻ ഇതിഹാസം പറയുന്നു!
ഈയിടെയാണ് സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ ബ്രസീലിയൻ സൂപ്പർ താരമായ ഡാനി ആൽവെസിനെ ക്ലബ്ബിലേക്ക് തിരിച്ചെത്തിയത്. സാവോ പോളോയുമായുള്ള കരാർ റദ്ദാക്കിയ ഡാനി ഫ്രീ ഏജന്റായിരുന്നു.38-ആം വയസ്സിലും എഫ്സി ബാഴ്സലോണ താരത്തെ സ്വന്തമാക്കുകയായിരുന്നു.മറഡോണ കപ്പിൽ ആൽവെസ് ബാഴ്‌സക്കായി കളിക്കുകയും ചെയ്തു.
ഏതായാലും ഡാനി ആൽവെസിന്റെ കാര്യത്തിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണിപ്പോൾ ബ്രസീലിയൻ ഇതിഹാസതാരമായ കഫു. അതായത് എഫ്സി ബാഴ്സലോണയിൽ മികച്ച പ്രകടനം നടത്താൻ ഡാനി ആൽവസിന് കഴിയുമെന്നും അത് വഴി താരം 2022-ലെ ബ്രസീലിയൻ വേൾഡ് കപ്പ് ടീമിൽ ഇടം നേടുമെന്നാണ് ഇപ്പോൾ കഫു അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ മുണ്ടോ ഡിപോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) December 24, 2021
” ഇപ്പോഴും മികച്ച രൂപത്തിൽ കളിക്കാൻ ഡാനി ആൽവസിന് കഴിയുമെന്നുള്ളത് അവിശ്വസനീയമായ ഒരു കാര്യമാണ്. അദ്ദേഹം എപ്പോഴും ഊർജ്ജസ്വലനാണ്. അതിന് തയ്യാറുമാണ്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്താണ് തനിക്ക് ആവശ്യമുള്ളത് എന്നുള്ളത് ഡാനി ആൽവസിന് കൃത്യമായി അറിയാം. അതുകൊണ്ടാണ് അദ്ദേഹം എഫ്സി ബാഴ്സലോണയിൽ എത്തിച്ചേർന്നത്.ബാഴ്‌സ കേവലമൊരു ക്ലബ് അല്ല. ബാഴ്‌സയിലെ മികച്ചപ്രകടനം വഴി അടുത്ത ബ്രസീലിയൻ വേൾഡ് കപ്പ് ടീമിൽ അദ്ദേഹത്തിന് അവസരം ഉണ്ടാകും ” ഇതാണ് കഫു പറഞ്ഞിട്ടുള്ളത്.
ബ്രസീലിന്റെ ഇതിഹാസതാരങ്ങളിൽ ഒരാളായ കഫു റൈറ്റ് ബാക്ക് പൊസിഷനിൽ തന്നെയായിരുന്നു കളിച്ചിരുന്നത്. ബ്രസീലിന് ആയി 142 മത്സരങ്ങൾ കളിച്ച കഫു രണ്ട് വേൾഡ് കപ്പുകളും സ്വന്തമാക്കിയിട്ടുണ്ട്.