വേൾഡ് കപ്പിൽ ഫ്രാൻസിനെ ഞെട്ടിച്ച സെനഗൽ ഇതിഹാസം ബൂബ ദിയോപ് ലോകത്തോട് വിടപറഞ്ഞു !

ഫുട്ബോൾ ലോകത്തിലേക്ക് മറ്റൊരു ദുഃഖവാർത്തയാണ് ഇന്നലെ സെനഗലിൽ നിന്നും എത്തിയത്. സെനഗലീസ് ഇതിഹാസതാരം പാപ ബൂബ ദിയോപ് ലോകത്തോട് വിടപറഞ്ഞു. നാല്പത്തിരണ്ട് വയസ്സായിരുന്നു. ദീർഘകാലം അസുഖബാധിതനായി താരം ചികിത്സയിലായിരുന്നു. മധ്യനിര താരമായ താരത്തിന്റെ വിടപറച്ചിൽ ഇന്നലെ സെനഗൽ ഫുട്ബോൾ ഫെഡറേഷനാണ് സ്ഥിരീകരിച്ചത്. 2002-ലെ വേൾഡ് കപ്പിൽ ഗോൾ നേടിയതോടെയാണ് ദിയൂപ് ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. 1998-ലെ വേൾഡ് ചാമ്പ്യൻമാരെന്ന തലയെടുപ്പോടെ വന്ന ഫ്രാൻസിനെ ആദ്യ മത്സരത്തിൽ സെനഗൽ അട്ടിമറിച്ചപ്പോൾ ആ ഗോൾ നേടിയത് പാപ ബൂബ ദിയോപ് ആയിരുന്നു. ഫുട്ബോൾ ആരാധകർ എന്നും ഓർമ്മിക്കുന്ന മത്സരങ്ങളിൽ ഒന്നായിരുന്നു അത്‌.

ആ ഗോൾ കൂടാതെ മറ്റു രണ്ടു ഗോളുകൾ കൂടി നേടിയ ദിയൂപിന്റെ ചിറകിലേറി സെനഗൽ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ വരെ മുന്നേറിയിരുന്നു. സെനഗൽ ജനത ഒരിക്കലും മറക്കാത്ത ഒരു ഇതിഹാസമായിരുന്നു ദിയൂപ്. 63 മത്സരങ്ങൾ കളിച്ച അദ്ദേഹം പതിനൊന്ന് ഗോളുകൾ തന്റെ രാജ്യത്തിനായി നേടിയിട്ടുണ്ട്. സെനഗലീസ് ക്ലബ്ബിലൂടെ കരിയർ ആരംഭിച്ച ഇദ്ദേഹം 2002-ൽ ഫ്രഞ്ച് ക്ലബായ ലെൻസിൽ എത്തി. തുടർന്ന് താരം ഫുൾഹാമിലേക്ക് ചേക്കേറി. അവിടെ മൂന്ന് വർഷം ചിലവഴിച്ച ശേഷം പോർട്സ്മൗത്തിലേക്ക് കൂടുമാറുകയായിരുന്നു. 2007-08 എഫ്എ കപ്പ് നേടിയ ടീമിലെ സാന്നിധ്യമായിരുന്നു ദിയൂപ്.വെസ്റ്റ്ഹാം, ബിർമിംഗ്ഹാം സിറ്റി എന്നിവർക്ക് വേണ്ടിയൊക്കെ താരം കളിച്ചിട്ടുണ്ട്. താരത്തിന്റെ വിയോഗത്തിൽ ഫുട്ബോൾ ലോകം അനുശോചനമറിയിച്ചു.ഫിഫയും ഫുൾഹാമും പോർട്സ്മൗത്തുമൊക്കെ ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *