വേൾഡ് കപ്പിന് മുന്നേ വെയിൽസ് നിർബന്ധമായും ‘ Dark Arts’ പഠിക്കണം : ബെയ്ൽ

ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ വെയിൽസിന് പരാജയം രുചിക്കേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു നെതർലാന്റ്സ് വെയിൽസിനെ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ 50-ആം മിനുട്ടിൽ നെതർലാൻഡ്സ് ലീഡ് നേടിയെങ്കിലും 92-ആം മിനിറ്റിൽ സമനില നേടാൻ വെയിൽസിന് സാധിച്ചിരുന്നു. എന്നാൽ അവസാന നിമിഷത്തിൽ വെഗോസ്റ്റിന്റെ ഗോളിലൂടെ നെതർലാൻഡ്സ് വിജയം സ്വന്തമാക്കുകയായിരുന്നു.

യഥാർത്ഥത്തിൽ സൂപ്പർ താരം ഫ്രങ്കി ഡി യോങ്ങിന്റെ മുന്നേറ്റത്തിൽ നിന്നാണ് നെതർലാന്റ്സിന്റെ ഈയൊരു വിജയ ഗോൾ പിറന്നത്. ഇക്കാര്യത്തിൽ തന്റെ ടീമിന് വെയിൽസ് സൂപ്പർ താരമായ ഗാരെത് ബെയിൽ ഒരു ഉപദേശം നൽകിയിട്ടുണ്ട്.അതായത് ഫ്രങ്കി ഡി യോങ്ങിനെ ആ സമയത്ത് ഫൗൾ ചെയ്ത് വീഴ്ത്തിക്കൊണ്ട് ആ ഗോൾ തടയണമെന്നായിരുന്നു ബെയിൽ പറഞ്ഞത്. വേൾഡ് കപ്പിന് മുന്നേ വെയിൽസ് ഇത്തരത്തിലുള്ള ഡാർക്ക് ആർട്സ് അഥവാ കുതന്ത്രങ്ങൾ നിർബന്ധമായും പഠിക്കേണ്ടതുണ്ടെന്നും ബെയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഒരു ബുദ്ധിമുട്ടേറിയ മത്സരമായിരുന്നു ഇത്. ഞങ്ങൾക്ക് ഫുൾ സ്‌ക്വാഡിനെ ലഭ്യമായിരുന്നില്ല.പക്ഷേ എല്ലാവരും ഹാർഡ് വർക്ക് ചെയ്തിരുന്നു. ഒരു സമനില ഗോൾ നേടിയതിന് ശേഷം ഉടൻ തന്നെ മറ്റൊരു ഗോൾ വഴങ്ങുന്നത് കഠിനമായ ഒരു കാര്യമാണ്. യഥാർത്ഥത്തിൽ അവിടെ ഡി യോങ്ങിനെ വീഴ്ത്തണമായിരുന്നു. വരുന്ന വേൾഡ് കപ്പിന് മുന്നേ ഇത്തരത്തിലുള്ള ഡാർക്ക് ആർട്സ് നിർബന്ധമായും വെയിൽസ് പഠിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള അനുഭവങ്ങളിൽ നിന്നാണ് അത് പഠിക്കേണ്ടത്. വേൾഡ് കപ്പിൽ ഇനി ഇത് സംഭവിക്കുകയാണെങ്കിൽ എന്താണോ ചെയ്യേണ്ടത് അത് നമ്മൾ ചെയ്യുക തന്നെ വേണം ” ഇതാണ് ബെയിൽ പറഞ്ഞിട്ടുള്ളത്.

വരുന്ന ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടാൻ വെയിൽസിന് സാധിച്ചിരുന്നു.64 വർഷത്തിന് ശേഷമാണ് വെയിൽസ് വേൾഡ് കപ്പിലേക്ക് ഇപ്പോൾ തിരിച്ചെത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *