വേൾഡ് കപ്പിന് മുന്നേയുള്ള സൗഹൃദമത്സരങ്ങൾ,ഭീതിയിൽ ടിറ്റെയും ബ്രസീലും!

ഈ മാസം നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ രണ്ട് മത്സരങ്ങളാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ കളിക്കുന്നത്. നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ സൗത്ത് കൊറിയയാണ്. നാളെ വൈകീട്ട് ഇന്ത്യൻ സമയം 4:30-നാണ് ഈയൊരു മത്സരം അരങ്ങേറുക. ഇതിനുശേഷം ജപ്പാനെതിരെയാണ് ബ്രസീൽ അടുത്ത മത്സരം കളിക്കുക.

ഏതായാലും വരുന്ന ഖത്തർ വേൾഡ് കപ്പിൽ ബ്രസീലിന്റെ മത്സര ഷെഡ്യൂളുകൾ തീരുമാനിക്കപ്പെട്ടിരുന്നു. നവംബർ 24 ആം തീയതി സെർബിയക്കെതിരെയാണ് ബ്രസീൽ വേൾഡ് കപ്പിലെ ആദ്യ മത്സരം കളിക്കുക. ഇതിനു മുൻപ് പത്ത് ദിവസങ്ങളാണ് ബ്രസീലിന് ഒരുക്കങ്ങൾക്ക് വേണ്ടി ലഭിക്കുക.

അതായത് നവംബർ 14 ആം തീയതി എല്ലാ താരങ്ങളും ടീം ക്യാമ്പിൽ എത്തിച്ചേരുമെന്നാണ് ടിറ്റെ പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ പത്ത് ദിവസത്തിനിടയിൽ സൗഹൃദ മത്സരങ്ങൾ കളിക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും ടിറ്റെയും ബ്രസീലും കൺഫ്യൂഷനിലാണ്. പ്രധാനമായും പരിക്ക് ഭീതിയാണ് നിലവിൽ ടിറ്റെയെ അലട്ടുന്നത്.

ലീഗ് മത്സരങ്ങളും യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും കളിച്ചതിന് ശേഷമായിരിക്കും താരങ്ങൾ ബ്രസീൽ ടീമിനൊപ്പം ചേരുക. അതുകൊണ്ടുതന്നെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ സൗഹൃദ മത്സരങ്ങൾ കൂടി നടത്തിയാൽ അത് താരങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമോ എന്നുള്ളതാണ് ടിറ്റെയേയും ബ്രസീലിന്റെ ഫിസിക്കൽ ട്രയിനറേയും അലട്ടുന്ന പ്രധാനപ്പെട്ട ഒരു വിഷയം. എന്നാൽ സൗഹൃദ മത്സരങ്ങൾ കളിക്കാതിരുന്നാൽ അത് വേൾഡ് കപ്പിലെ പ്രകടനത്തെ ബാധിക്കുമെന്നുള്ള ഭയവും ഇവിടെ നിലനിൽക്കുന്നുണ്ട്.

കഴിഞ്ഞ റഷ്യൻ വേൾഡ് കപ്പിന് മുന്നേ ബ്രസീൽ സൗഹൃദ മത്സരങ്ങൾ കളിച്ചിരുന്നു. എന്നാൽ അന്ന് ആവശ്യമായ സമയം ടീമുകൾക്ക് ലഭ്യമായിരുന്നു എന്നുള്ളതാണ്. പക്ഷേ ഇത്തവണത്തെ വേൾഡ് കപ്പിന് മുന്നേ സമയം വളരെ പരിമിതമാണ്. എന്നിരുന്നാലും യൂറോപ്പിൽ പരിശീലനം സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ ബ്രസീൽ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *