വേൾഡ് കപ്പിനുള്ള ബ്രസീൽ ടീമിൽ ഇടം ലഭിച്ചില്ല,പ്രതികരണവുമായി ഫിർമിനോ!

വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ബ്രസീലിന്റെ സ്‌ക്വാഡ് പരിശീലകനായ ടിറ്റെ ഈയിടെ പ്രഖ്യാപിച്ചിരുന്നു. സൂപ്പർ താരം റോബെർട്ടോ ഫിർമിനോക്ക് ഈ സ്‌ക്വാഡിൽ ഇടം നേടാനാവാതെ പോയത് പലർക്കും ഞെട്ടൽ ഉണ്ടാക്കിയ ഒരു കാര്യമായിരുന്നു. താരത്തെ ഉൾപ്പെടുത്താൻ താൻ പരമാവധി ശ്രമിച്ചിരുന്നു എന്നായിരുന്നു ടിറ്റെ ഇതേക്കുറിച്ച് പറഞ്ഞിരുന്നത്. മുന്നേറ്റ നിരയിലെ താരബാഹുല്യം കാരണമാണ് ഫിർമിനോക്ക് ടീമിൽ ഇടം ലഭിക്കാതെ പോയത്.

ഏതായാലും ഇതിന് പിന്നാലെ റോബെർട്ടോ ഫിർമിനോ തന്റെ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. വേൾഡ് കപ്പിൽ പങ്കെടുക്കുക എന്നുള്ളത് തന്റെ ഒരു സ്വപ്നമായിരുന്നുവെന്നും എന്നാൽ താൻ പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടന്നില്ല എന്നുമാണ് ഫിർമിനോ പറഞ്ഞിട്ടുള്ളത്. എന്നാൽ ബ്രസീലിന് കിരീടം നേടാൻ കഴിയുമെന്നുള്ള പ്രതീക്ഷയും ഫിർമിനോ പങ്കുവെച്ചിട്ടുണ്ട്.അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെയാണ്.

” നിങ്ങളുടെ സ്നേഹമാർന്ന സന്ദേശങ്ങൾക്ക് ഞാൻ നന്ദി പറയുന്നു.എല്ലാ താരങ്ങളെ പോലെയും വേൾഡ് കപ്പിൽ പങ്കെടുക്കുക എന്നുള്ളത് എന്റെ സ്വപ്നമാണ്. പക്ഷേ ഞാൻ സങ്കൽപ്പിച്ച പോലെയോ സ്വപ്നം കണ്ട പോലെയോ അല്ല കാര്യങ്ങൾ ഇപ്പോൾ സംഭവിച്ചിട്ടുള്ളത്.പക്ഷേ ഞാൻ കണ്ട സ്വപ്നങ്ങളിൽ ഇപ്പോൾ തന്നെ ഞാൻ ജീവിക്കുന്നുണ്ട്,അതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ടീമിൽ ഇടം നേടിയ എല്ലാവർക്കും ഞാൻ അഭിനന്ദനങ്ങൾ നേരുന്നു.മാത്രമല്ല ബ്രസീൽ ആറാം കിരീടം നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ദൈവം എനിക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കി വെച്ചിട്ടുണ്ടാവുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് ഫിർമിനോ കുറിച്ചിട്ടുള്ളത്.

നിലവിൽ മുന്നേറ്റ നിരയിലേക്ക് 9 താരങ്ങളെയാണ് ടിറ്റെ തിരഞ്ഞെടുത്തിട്ടുള്ളത്. എന്നാൽപോലും ചില താരങ്ങളെ ഒഴിവാക്കിയതിന് വിമർശനങ്ങൾ ബ്രസീലിന്റെ പരിശീലകന് ഏൽക്കേണ്ടി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *