വേണമെന്ന് തോന്നിയാൽ ഇനിയും ഡാൻസ് കളിക്കും: വിമർശകരോട് ബ്രസീലിയൻ പരിശീലകൻ.

ഇന്ന് ഖത്തർ വേൾഡ് കപ്പിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബ്രസീലിന്റെ എതിരാളികൾ യൂറോപ്പ്യൻ വമ്പൻമാരായ ക്രൊയേഷ്യയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈ മത്സരം നടക്കുക.ശക്തരായ എതിരാളികൾ തമ്മിൽ ഏറ്റുമുട്ടുന്നതിനാൽ ഒരു കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ സൗത്ത് കൊറിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്രസീൽ പരാജയപ്പെടുത്തിയിരുന്നത്. ആ മത്സരത്തിൽ ഗോളുകൾ നേടിയതിനു ശേഷം ബ്രസീലിയൻ താരങ്ങൾ തങ്ങളുടെ സ്വതസിദ്ധമായ രീതിയിലുള്ള ഡാൻസ് കാഴ്ച്ചവെച്ചിരുന്നു. ബ്രസീലിയൻ പരിശീലകനായ ടിറ്റെ കൂടി ഈ ഡാൻസിൽ പങ്കാളിയായിരുന്നു.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റോയ് കീൻ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ വിമർശനം ഉയർത്തിയിരുന്നു. പക്ഷേ ഈ വിമർശനങ്ങളോട് ടിറ്റെ ഇപ്പോൾ തന്റെ പ്രതികരണമറിയിച്ചിട്ടുണ്ട്. വേണ്ടിവന്നാൽ ഇനിയും ഡാൻസ് കളിക്കും എന്നാണ് ബ്രസീൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇത് ബ്രസീലിന്റെ ദേശീയ ടീമാണ്. അതിന്റെ പരിശീലകനായിരിക്കുക എന്നുള്ള ഉത്തരവാദിത്തമാണ് എനിക്കുള്ളത്. ബ്രസീലിന്റെ സംസ്കാരത്തെ കുറിച്ച് അറിവില്ലാത്തവരോട് എനിക്കൊന്നും പറയാനില്ല. എന്റെയും എന്റെ ടീമിന്റെയും സംസ്കാരത്തെ ഞാൻ എപ്പോഴും ബഹുമാനിക്കും. ഇത് ബ്രസീലിന്റെ സംസ്കാരമാണ്. അല്ലാതെ മറ്റുള്ളവരെ അപമാനിക്കാൻ ചെയ്യുന്നതല്ല. എന്നോടൊപ്പം വർക്ക് ചെയ്യുന്നവർക്ക് എന്നെ നന്നായി അറിയാം. വേണ്ടിവന്നാൽ ഞാൻ ഇനിയും ഡാൻസ് ചെയ്യും ” ഇതാണ് ബ്രസീലിന്റെ കോച്ച് പറഞ്ഞിട്ടുള്ളത്.

ഏതായാലും കഴിഞ്ഞ മത്സരത്തിലേതു പോലെ ഒരു അനായാസ വിജയം നേടുക എന്നുള്ളത് ബ്രസീലിനെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമായിരിക്കില്ല. കാരണം മികച്ച ഒരു താരനിര തന്നെ ക്രോയേഷ്യക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *