വിവരങ്ങൾ ലീക്കാവുന്നു: സ്റ്റേറ്റ്മെന്റ് ഇറക്കി പക്കേറ്റ

ബ്രസീലിയൻ സൂപ്പർ താരമായ ലുകാസ് പക്കേറ്റ നിലവിൽ ബെറ്റിങ് വിവാദത്തിൽ അന്വേഷണം നേരിടുന്നുണ്ട്.വെസ്റ്റ്‌ഹാം യുണൈറ്റഡ് താരമായ പക്കേറ്റ 4 പ്രീമിയർ ലീഗ് മത്സരങ്ങളിൽ മനപ്പൂർവ്വം യെല്ലോ കാർഡുകൾ വഴങ്ങി എന്നാണ് ആരോപണം. ഇക്കാര്യത്തിലെ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാൽ അദ്ദേഹത്തിന് ആജീവനാന്ത വിലക്ക് വരെ ലഭിച്ചേക്കാം എന്നുള്ള റിപ്പോർട്ടുകൾ സജീവമാണ്.

ഏതായാലും ഈ വിഷയത്തിൽ ഒരു സ്റ്റേറ്റ്മെന്റ് ഇപ്പോൾ പക്കേറ്റ തന്നെ പുറത്തിറക്കിയിട്ടുണ്ട്. ഒരുപാട് വ്യാജവാർത്തകൾ ഇതേക്കുറിച്ച് പ്രചരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. മാത്രമല്ല അന്വേഷണത്തിന്റെ വിവരങ്ങൾ ലീക്കാവുന്നു എന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്.താരത്തിന്റെ സ്റ്റേറ്റ്മെന്റിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.

” തികച്ചും വ്യാജമായ കാര്യങ്ങളാണ് പത്രങ്ങളിൽ ഇതേക്കുറിച്ച് വരുന്നത്. ഇംഗ്ലീഷ് മാധ്യമങ്ങളിലും ബ്രസീലിയൻ മാധ്യമങ്ങളിലും വ്യാജമായ കാര്യങ്ങൾ വരുന്നു.അക്കാര്യത്തിൽ ഞാൻ കടുത്ത നിരാശനാണ്. ഫുട്ബോൾ അസോസിയേഷന്റെ അന്വേഷണം തികച്ചും രഹസ്യം ആയിരിക്കണം. കാരണം എന്നെയും എന്റെ കുടുംബത്തെയും സംബന്ധിച്ച് അത് വളരെയധികം ഗൗരവമായതാണ്.എന്നാൽ പല വിവരങ്ങളും അവിടെ നിന്നും ചോരുന്നുണ്ട്.അത് എന്റെ ഭാവി അപകടത്തിൽ ആക്കുകയാണ് ചെയ്യുന്നത്. എനിക്ക് നീതി ലഭിക്കുന്നത് ഇല്ലാതാകാൻ അത് കാരണമായേക്കും. അന്വേഷണത്തിന്റെ പല കാര്യങ്ങളും ഞാൻ പൊതുമാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. എനിക്ക് മേൽ ചാർത്തപ്പെട്ട എല്ലാ കുറ്റങ്ങളും ഞാൻ നിഷേധിക്കുന്നു. എന്റെ നിരപരാധിത്യം തെളിയിക്കാൻ വേണ്ടി ഏതറ്റം വരെ പോകാനും ഞാൻ തയ്യാറാണ് ” ഇതാണ് പക്കേറ്റ അറിയിച്ചിരിക്കുന്നത്.

നിലവിൽ കളിക്കുന്നതിന് താരത്തിന് പ്രശ്നങ്ങൾ ഒന്നുമില്ല. എന്നാൽ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാൽ കടുത്ത ശിക്ഷ അദ്ദേഹത്തിന് ലഭിക്കാൻ സാധ്യതയുണ്ട്.അങ്ങനെ സംഭവിച്ചാൽ അത് അദ്ദേഹത്തിന്റെ ക്ലബ്ബിനും ബ്രസീലിനും തിരിച്ചടിയായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *