വിമർശനങ്ങൾ ടീമിനെ ബാധിച്ചു,പക്ഷേ..: തുറന്ന് പറഞ്ഞ് സൗത്ത് ഗേറ്റ്!

ഇന്ന് യുവേഫ യൂറോ കപ്പിൽ നടക്കുന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ ഇംഗ്ലണ്ട് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ മറ്റൊരു കരുത്തരായ നെതർലാന്റ്സാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക. കഴിഞ്ഞ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സ്വിറ്റ്സർലാൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി കൊണ്ടാണ് ഇംഗ്ലണ്ട് ഇപ്പോൾ ഈ മത്സരത്തിന് വരുന്നത്.

പ്രതീക്ഷക്കൊത്ത ഒരു പ്രകടനം ഇംഗ്ലണ്ട് ഈ യൂറോ കപ്പിൽ നടത്തിയിട്ടില്ല എന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ ഒരുപാട് വിമർശനങ്ങൾ ഇംഗ്ലീഷ് താരങ്ങൾക്കും പരിശീലകൻ ഗാരത് സൗത്ത്ഗേറ്റിനും ലഭിച്ചിരുന്നു. ഈ വിമർശനങ്ങൾ ടൂർണമെന്റിന്റെ തുടക്കത്തിൽ ഇംഗ്ലീഷ് ടീമിനെ ബാധിച്ചിരുന്നുവെന്ന് പരിശീലകൻ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മത്സരത്തോടുകൂടി അതിൽ നിന്നെല്ലാം ടീം മുക്തമായെന്നും സൗത്ത്ഗേറ്റ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ ടൂർണമെന്റിന്റെ തുടക്കത്തിൽ ഞങ്ങൾക്ക് ലഭിച്ച വിമർശനങ്ങൾക്ക് കയ്യും കണക്കുമില്ലായിരുന്നു. മുമ്പെങ്ങും ഇല്ലാത്ത രൂപത്തിലുള്ള വിമർശനങ്ങളാണ് ഞങ്ങൾക്ക് ലഭിച്ചത്. അതിൽ നിന്നും ഞങ്ങൾക്ക് പുറത്ത് കടക്കാൻ കഴിയുമോ എന്ന കാര്യത്തിൽ എനിക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷേ ക്വാർട്ടർ ഫൈനലോടുകൂടി ഞങ്ങൾ അതിൽ നിന്നും പുറത്തേക്ക് വന്നു. ഞങ്ങളുടെ ഏറ്റവും മികച്ച വേർഷനാണ് കഴിഞ്ഞ മത്സരത്തിൽ കാണാൻ സാധിച്ചത്.ഗ്രൂപ്പിനകത്തു തന്നെ ഇപ്പോൾ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.ചെയ്യുന്ന കാര്യങ്ങൾ എല്ലാവരും ആസ്വദിക്കുന്നുണ്ട്.ഒരു പുതിയ ഗ്രൗണ്ട് ബ്രേക്ക് ചെയ്യാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.അത് ബുദ്ധിമുട്ടേറിയ കാര്യമാണ് എന്നറിയാം. പക്ഷേ താരങ്ങൾ വളരെ എളുപ്പത്തിൽ തന്നെ അതിനോട് പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട് “ഇതാണ് ഇംഗ്ലണ്ട് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

തന്റെ ടീം വിമർശനങ്ങളെ വകവയ്ക്കാതെ കൂടുതൽ മെച്ചപ്പെട്ടു എന്ന് തന്നെയാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും അവരെ കൃത്യമായി ഉപയോഗപ്പെടുത്താൻ സാധിക്കാത്തതിൽ വലിയ വിമർശനങ്ങൾ ഈ പരിശീലകന് നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ തവണ യൂറോ കപ്പിന്റെ ഫൈനലിൽ പരാജയപ്പെട്ടവരാണ് ഇംഗ്ലണ്ട്. ഇത്തവണ കിരീടം ലക്ഷ്യമിട്ടുകൊണ്ട് തന്നെയാണ് അവർ കളിക്കളത്തിലേക്ക് ഇറങ്ങിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *