വിനീഷ്യസിന് പിന്തുണ,ബ്രസീലും സ്പെയിനും തമ്മിലുള്ള മത്സരം വരുന്നു!
ഈ സീസണിൽ ലാലിഗയിൽ വെച്ച് പലപ്പോഴും വലിയ രൂപത്തിലുള്ള വംശീയമായ അധിക്ഷേപങ്ങൾക്ക് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ ഇരയായിരുന്നു. വലൻസിയക്കെതിരെയുള്ള മത്സരത്തിലെ സംഭവ വികാസങ്ങളോടുകൂടി ഇതു വലിയ വിവാദമായി. തുടർന്ന് ഫുട്ബോൾ ലോകം ഒന്നടങ്കം വിനീഷ്യസ് ജൂനിയറിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.മാത്രമല്ല സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനും ലാലിഗക്കും വലിയ രൂപത്തിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടി വന്നു.
ഈ വിവാദങ്ങൾ സ്പാനിഷ് ഫുട്ബോളിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിനീഷ്യസ് ജൂനിയർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് റേസിസത്തിനെതിരെ ഒരു സൗഹൃദ മത്സരം കളിക്കാൻ ഇപ്പോൾ ബ്രസീലും സ്പെയിനും തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.RFEF ന്റെ പ്രസിഡന്റ് ആയ ലൂയിസ് റുബിയാലസും CBF പ്രസിഡണ്ടായ എഡ്നാൾഡോ റോഡ്രിഗസും ഈ അഗ്രിമെന്റിൽ ഒപ്പ് വെച്ചു കഴിഞ്ഞിട്ടുണ്ട്. അടുത്തവർഷം മാർച്ച് മാസത്തിലാണ് ബ്രസീലും സ്പെയിനും തമ്മിൽ സൗഹൃദ മത്സരം കളിക്കുക.
🚨Brazil will play Spain in March of 2024. pic.twitter.com/uymwhBj1o2
— Brasil Football 🇧🇷 (@BrasilEdition) June 5, 2023
റേസിസത്തിനെതിരെ തങ്ങൾ പരമാവധി ഒരുമിച്ച് പ്രവർത്തിക്കുമെന്നുള്ള ഉറപ്പ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ നൽകി കഴിഞ്ഞിട്ടുണ്ട്. സ്പെയിനിനെതിരെ ബ്രസീലിൽ വ്യാപകമായ പ്രതിഷേധങ്ങൾ ഈയിടെ ഉയർന്നിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ സൗഹൃദ മത്സരം കളിക്കാൻ തീരുമാനിച്ചിട്ടുള്ളത്. അതേസമയം കഴിഞ്ഞ ദിവസം വിനീഷ്യസിന്റെ മുൻ ബ്രസീലിയൻ ക്ലബ്ബായ ഫ്ലമെങ്കോ താരത്തെ മാരക്കാനയിൽ വെച്ച് ആദരിക്കുകയും ചെയ്തിരുന്നു.
ഇതിനു മുൻപ് ബ്രസീലും സ്പെയിനും തമ്മിൽ 2013 ലാണ് ഏറ്റുമുട്ടിയത്. കോൺഫെഡറേഷൻ കപ്പിന്റെ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ സ്പെയിനിനെ പരാജയപ്പെടുത്തിയിരുന്നത്.സൂപ്പർ താരം നെയ്മർ ജൂനിയർ ആ ഫൈനൽ മത്സരത്തിൽ ഗോൾ നേടിയിരുന്നു. ഇതുവരെ 5 തവണ സ്പെയിനിനെ കീഴ്പ്പെടുത്താൻ ബ്രസീലിനെ കഴിഞ്ഞിട്ടുണ്ട്. രണ്ട് തവണയാണ് ബ്രസീലിനെതിരെ സ്പെയിൻ വിജയം നേടിയിട്ടുള്ളത്.