വിനീഷ്യസിന്റെ പകരം ആര്? നാല് ഓപ്ഷനുകൾ പരിഗണിച്ച് ഡൊറിവാൽ ജൂനിയർ!
കഴിഞ്ഞ കോപ്പ അമേരിക്ക മത്സരത്തിൽ ബ്രസീൽ കൊളംബിയയോട് സമനില വഴങ്ങിയിരുന്നു.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയാണ് ചെയ്തത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർക്ക് യെല്ലോ കാർഡ് ലഭിച്ചിരുന്നു. ഇതോടുകൂടി അദ്ദേഹത്തിന് വിലക്ക് വീഴുകയായിരുന്നു. വരുന്ന ഉറുഗ്വക്കെതിരെയുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വിനീഷ്യസിന്റെ സേവനം ബ്രസീലിന് ലഭ്യമായേക്കില്ല.
ആരായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനത്ത് സ്റ്റാർട്ട് ചെയ്യുക? ഇത് ആരാധകർ ചർച്ച ചെയ്യുന്ന ഒരു കാര്യമാണ്. നിലവിൽ നാല് ഓപ്ഷനുകളാണ് പരിശീലകൻ ഡൊറിവാൽ ജൂനിയർക്ക് മുന്നിലുള്ളത്. ബ്രസീലിയൻ മാധ്യമങ്ങൾ അത് വിശകലനം ചെയ്തിട്ടുണ്ട്. നടക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് ഗബ്രിയേൽ മാർട്ടിനെല്ലി വിനിയുടെ പകരക്കാരനായി കൊണ്ട് വരും എന്നതാണ്. ഇടത് വിങ്ങിൽ തന്നെയാണ് മാർട്ടിനെല്ലി കളിക്കുന്നത്. അദ്ദേഹത്തെ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന ആരാധകരുടെ ആവശ്യം ശക്തമാണ്.
മറ്റൊരു ഓപ്ഷൻ സ്ട്രൈക്കർ എൻഡ്രിക്കാണ്.അദ്ദേഹത്തെ സെന്റർ സ്ട്രൈക്കർ പൊസിഷനിൽ കളിപ്പിക്കുക, എന്നിട്ട് റോഡ്രിഗോയെ ഇടത് വിങ്ങിലേക്ക് മാറ്റുക എന്ന ഓപ്ഷനാണ് ഉള്ളത്.ലെഫ്റ്റ് സൈഡ് റോഡ്രിഗോയെ സംബന്ധിച്ചിടത്തോളം വളരെ കംഫർട്ടബിളായ ഒരു പൊസിഷനാണ്. അതുകൊണ്ടുതന്നെ എൻഡ്രിക്കിനെ ഉൾപ്പെടുത്താനുള്ള സാധ്യതകളെ നമുക്ക് തള്ളിക്കളയാനാവില്ല. മറ്റൊരു ഓപ്ഷൻ സാവിയോയെ ഉൾപ്പെടുത്തുകയാണ്. അദ്ദേഹത്തെ വലത് വിങ്ങിൽ കളിപ്പിക്കുമ്പോൾ റാഫിഞ്ഞ ഇടത് വിങ്ങിലേക്ക് മാറേണ്ടിവരും. ഇതൊരു ഓപ്ഷനാണെങ്കിലും പരിശീലകൻ ഇത് തിരഞ്ഞെടുക്കാനുള്ള സാധ്യത ഒരല്പം കുറവാണ്.
മറ്റൊരു ഓപ്ഷൻ ഇവാനില്‍സണെ ഉൾപ്പെടുത്തുക എന്നതാണ്.ഇവാനിൽസൺ സെന്റർ സ്ട്രൈക്കർ പൊസിഷനിൽ കളിക്കുമ്പോൾ റോഡ്രിഗോ ഇടത് വിങ്ങിലേക്ക് മാറേണ്ടി വരും. എന്നാൽ ഇവാനിൽസൺ സ്റ്റാർട്ട് ചെയ്യാനുള്ള സാധ്യത കുറവാണ്. ഇങ്ങനെ നാല് ഓപ്ഷനുകൾ മുന്നിലുണ്ടെങ്കിലും ഗബ്രിയേൽ മാർട്ടിനെല്ലിക്ക് തന്നെ നറുക്ക് വീഴുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.