വിജയം നേടി ഫിൻലാന്റ്, ഹൃദയം കീഴടക്കി ഡെന്മാർക്ക്!
ഫുട്ബോൾ ലോകത്തിന് കുറച്ചു സമയത്തേക്ക് കണ്ണീരും ഭീതിയും സമ്മാനിച്ച മത്സരത്തിൽ ഫിൻലാന്റിന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഫിൻലാന്റ് ഡെന്മാർക്കിനെ കീഴടക്കിയത്.ജുവൽ പൊഹാൻപാലോയാണ് ഫിൻലാന്റിന്റെ വിജയഗോൾ നേടിയത്.മത്സരത്തിൽ ഒരു പെനാൽറ്റി പാഴാക്കിയതും ഡെന്മാർക്കിന് തിരിച്ചടിയായി.
മത്സരത്തിന്റെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഡെന്മാർക്കിനേറ്റ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സണിനേറ്റ പരിക്ക്. കാർഡിയാക്ക് അറസ്റ്റ് മൂലം മൈതാനത്ത് കുഴഞ്ഞു വീണ എറിക്സണിന്റെ തിരിച്ചു വരവിനായുള്ള പ്രാർത്ഥനയിലായിരുന്നു ഫുട്ബോൾ ലോകം ഒന്നടങ്കം. തുടർന്ന് മത്സരം സസ്പെന്റ് ചെയ്യാനും യുവേഫ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് ആ ആശ്വാസവാർത്ത ലോകത്തെ തേടിയെത്തി. എറിക്സൺ അപകടനില തരണം ചെയ്തതായി അറിയിപ്പ് ഉണ്ടാവുകയായിരുന്നു.
Finland defeated Denmark, 1-0, after the teams resumed their match following Christian Eriksen’s hospitalization.
— SportsCenter (@SportsCenter) June 12, 2021
Joel Pohjanpalo didn't celebrate his goal despite it being Finland’s first at a major tournament. pic.twitter.com/zNBbJmlFfb
അതിന് ശേഷം താരങ്ങളുടെ അഭ്യർത്ഥന പ്രകാരം മത്സരം പുനരാരംഭിച്ചു. എന്നാൽ മാനസികമായി ആഘാതമേറ്റ ഡെന്മാർക്കിന് തങ്ങളുടെ താളം കണ്ടെത്താനായില്ല.60-ആം മിനുട്ടിൽ ഫിൻലാന്റ് ലീഡ് നേടിയെങ്കിലും അവരത് ആഘോഷിച്ചിരുന്നില്ല.74-ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഡെന്മാർക്ക് താരം ഹോബെർഗ് പാഴാക്കിയതും ഡെന്മാർക്കിന് തിരിച്ചടിയായി. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ലോകം മുഴുവനും ഇന്നലെ ഡെന്മാർക്കിനൊപ്പമായിരുന്നു. ഹൃദയം കീഴടക്കി കൊണ്ടാണ് ഡെന്മാർക്ക് ഇന്നലെ കളം വിട്ടത്.