വാൽബ്യൂന ബ്ലാക്ക്മെയിൽ കേസ്, ബെൻസിമക്ക്‌ വിചാരണ നേരിടേണ്ടി വന്നേക്കും !

സൂപ്പർ താരം കരിം ബെൻസിമയുടെ ഫ്രാൻസ് കരിയർ തന്നെ ഇല്ലാതാക്കിയ വാൽബ്യൂന ബ്ലാക്ക്മെയിൽ കേസിൽ താരത്തിന് വിചാരണക്ക്‌ വിധേയനാവേണ്ടി വരും. ഇന്നലെയാണ് താരത്തിന്റെ വക്കീലായ സിൽവൈൻ കോർമിയർ ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇത് തങ്ങളെ ആശ്ചര്യപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ച് വർഷങ്ങൾക്ക്‌ മുമ്പായിരുന്നു ഈ കേസിനാസ്പദമായ സംഭവവികാസങ്ങൾ അരങ്ങേറിയത്. ഫ്രഞ്ച് സഹതാരം മാത്യൂസ് വാൽബ്യൂനയുടെ സെക്സ് ടേപ്പ് ഉപയോഗിച്ച് അദ്ദേഹത്തെ ബ്ലാക്ക്മെയിൽ ചെയ്യുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ്.

ബെൻസിമ ഇക്കാര്യം നിഷേധിക്കുകയും അത്‌ താനല്ല എന്ന് തുടക്കത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ബെൻസിമ തന്നെയാണ് എന്ന് കണ്ടെത്തിയ ഫുട്ബോൾ ഫെഡറേഷൻ താരത്തെ ഫ്രാൻസ് ടീമിൽ നിന്നും ഒഴിവാക്കുകയായിരുന്നു. ബെൻസിമ ഫ്രഞ്ച് ടീമിന് അപകടകരമാണ് എന്നാണ് അന്നത്തെ ഫെഡറേഷൻ പ്രസിഡന്റ്‌ ഇതിനെ കുറിച്ച് പറഞ്ഞത്.ഒക്ടോബർ 2015-ന് ശേഷം ഫ്രാൻസ് ജേഴ്സിയിൽ ഒരൊറ്റ മത്സരം പോലും കളിക്കാൻ താരത്തിന് സാധിച്ചിട്ടില്ല. ഫ്രാൻസിന് വേണ്ടി 81 മത്സരങ്ങൾ ആകെ കളിച്ച താരം 27 ഗോളുകൾ നേടിയിട്ടുണ്ട്. എന്നാൽ ഈ വിവാദങ്ങൾ ഒന്നും തന്നെ താരത്തിന്റെ റയൽ മാഡ്രിഡ്‌ കരിയറിനെയോ ഗോളടി മികവിനെയോ ബാധിച്ചിട്ടില്ല. 533 മത്സരങ്ങൾ റയലിനായി കളിച്ച താരം 261 ഗോളുകൾ നേടിയിട്ടുണ്ട്. ഏതായാലും വിചാരണയുടെ തിയ്യതിയോ സമയമോ നിശ്ചയിച്ചിട്ടില്ല. ഇനി ഫ്രാൻസിന് ടീമിലേക്ക് താരത്തിന് ഒരു മടങ്ങി വരവ് അസാധ്യം എന്നാണ് കണക്കുകൂട്ടലുകൾ.

Leave a Reply

Your email address will not be published. Required fields are marked *