വാചകമടിയല്ല, പ്രവർത്തിക്കുകയാണ് വേണ്ടത്: ഫിഫക്കെതിരെ വരാനെ!

ഫുട്ബോൾ ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് വംശീയത തന്നെയാണ്. ഫുട്ബോൾ ലോകത്തെ പല പ്രധാനപ്പെട്ട താരങ്ങൾക്കും ആരാധകരിൽ നിന്ന് വംശീയമായ അധിക്ഷേപങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. സമീപകാലത്ത് ഏറ്റവും കൂടുതൽ വംശീയ അധിക്ഷേപങ്ങൾക്ക് ഇരയായ വ്യക്തി ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് തന്നെയാണ്. കൂടാതെ മൈക്ക് മൈഗ്നനെ പോലെയുള്ള പല സുപ്രധാന താരങ്ങളും ഇത്തരം മോശം പെരുമാറ്റങ്ങൾക്ക് വിധേയരായിട്ടുണ്ട്.

ഇതിനെതിരെ ഫിഫയും ഫിഫയുടെ പ്രസിഡണ്ടായ ജിയാനി ഇൻഫാന്റിനോയും ഒരു സ്റ്റേറ്റ്മെന്റ് ഇറക്കിയിരുന്നു. ഫുട്ബോളിൽ നിന്നും വംശീയതയെ ഇല്ലാതാക്കാൻ ഒന്നിച്ചു നിൽക്കും എന്നായിരുന്നു ഇവരുടെ പ്രഖ്യാപനം. കൂടാതെ പല കാര്യങ്ങളും അവർ ഈ സ്റ്റേറ്റ്മെന്റിൽ പ്രതിപാദിച്ചിരുന്നു. എന്നാൽ ഇതിനെതിരെ വിമർശനം ഉയർത്തിക്കൊണ്ട് യുണൈറ്റഡ് സൂപ്പർതാരമായ വരാനെ രംഗത്ത് വന്നിട്ടുണ്ട്. വെറുതെ വാചകമടിക്കുകയല്ല,പ്രവർത്തിച്ചു കാണിക്കുകയാണ് വേണ്ടത് എന്നാണ് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എഴുതിയിരിക്കുന്നത്.വരാനെയുടെ വാക്കുകൾ ഇങ്ങനെയാണ്.

“പ്രവർത്തിക്കുകയാണ് വേണ്ടത്, അതിനാണ് വാചകത്തേക്കാൾ കൂടുതൽ ശബ്ദമുള്ളത്.ഞങ്ങളുടെ പ്രകടനത്തിൽ തീർച്ചയായും ആരാധകർക്ക് വലിയ പ്രതീക്ഷകൾ ഉണ്ടാകും, അതേസമയം ഞങ്ങളുടെ ലീഡർമാർ അവരുടെ പവർ നല്ലതിനുവേണ്ടി പ്രവർത്തിക്കും എന്നുള്ള ഒരു പ്രതീക്ഷകൾ ഞങ്ങൾക്കുമുണ്ട്. ഞങ്ങൾ വളരെ ശ്രദ്ധാപൂർവ്വം തന്നെ ഇത് ഫോളോ ചെയ്യുന്നുണ്ട്.മാറ്റത്തിന് വേണ്ടി നിങ്ങൾ നടപടികൾ കൈക്കൊള്ളുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു “ഇതാണ് വരാനെ എഴുതിയിട്ടുള്ളത്.

ലാലിഗയിലും ഇറ്റാലിയൻ ലീഗിലുമാണ് ഇപ്പോൾ ഏറ്റവും കൂടുതൽ വംശീയമായ അധിക്ഷേപങ്ങൾ നടക്കുന്നത്. ഇതിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഫിഫ പ്രഖ്യാപിക്കുകയല്ലാതെ പ്രവർത്തികൾ ഒന്നും നടക്കുന്നില്ല.യുവേഫയും അതാത് രാജ്യങ്ങളിലെ അസോസിയേഷനുകളും നടപടികൾ എടുക്കുന്നുണ്ടെങ്കിലും വംശീയ അധിക്ഷേപങ്ങൾക്ക് ഇതുവരെ യാതൊരു കുറവും വന്നിട്ടില്ല. ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് തന്നെയാണ് വരാനെ ഉൾപ്പെടെയുള്ളവർ ഇപ്പോൾ ഫിഫയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *