വലിയ അഭിനിവേശമുള്ളവർ,യഥാർത്ഥ ഫുട്ബോൾ ഫാൻസ്‌ : അറബ് ആരാധകരെ കുറിച്ച് മുൻ റയൽ താരം പറയുന്നു!

ഈ വർഷം നടക്കുന്ന ഫിഫ വേൾഡ് കപ്പിന്റെ ആവേശം ഇപ്പോൾ തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.യോഗ്യതാ മത്സരങ്ങൾ അതിന്റെ അവസാനഘട്ടത്തിലാണ്. അറേബ്യൻ രാജ്യമായ ഖത്തറാണ് ഇത്തവണത്തെ വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. നവംബർ 21ആം തിയ്യതി മുതൽ ഡിസംബർ 18ആം തിയ്യതി വരെയാണ് വേൾഡ് കപ്പ് അരങ്ങേറുക.

ഏതായാലും ഇതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ചില കാര്യങ്ങളിപ്പോൾ മുൻ റയൽ മാഡ്രിഡ് ഡിഫന്ററായ സാൽഗാഡോ പങ്കുവെച്ചിട്ടുണ്ട്.അറബ് ഫുട്ബോൾ ആരാധകരുടെ ആവേശത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.അറബ് ആരാധകർ വലിയ അഭിനിവേശമുള്ളവരാണെന്നും യഥാർത്ഥ ഫുട്ബോൾ ഫാൻസാണ് എന്നുമാണ് സാൽഗാഡോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ കഴിഞ്ഞ 10 വർഷമായി മിഡിൽ ഈസ്റ്റിലാണ് ജീവിക്കുന്നത്. അറബ് ജനതക്ക് ഫുട്ബോൾ എന്താണ് എന്നുള്ളത് എനിക്ക് നന്നായി അറിയാം. എല്ലാവർക്കും ഉള്ള ഒരു വഴിയാണ് ഖത്തർ തുറന്നു വെച്ചിരിക്കുന്നത്. ഫുട്ബോൾ ഇതിനോടകംതന്നെ ഡെവലപ്പായ യൂറോപ്പിലും ലാറ്റിനമേരിക്കയിലുമൊക്കെയാണ് ഈ ടൂർണമെന്റ് എപ്പോഴും നടത്താറുള്ളത്. അവിടെ മാത്രമാണ് ഫുട്ബോൾ നിലനിൽക്കുന്നത് എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാൽ അത് തെറ്റാണ്,ഫുട്ബോൾ പ്രപഞ്ചം മുഴുവനും വ്യാപിച്ചു കിടക്കുകയാണ്. എല്ലായിടത്തും ഫുട്ബോൾ എന്നുള്ളത് വലിയ അഭിനിവേശമാണ്.ഫുട്ബോളിനെ അറബ് ജനത വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. ഭ്രാന്തമായ ആവേശമാണ് അവർക്ക് ഫുട്ബോളിനോട്.അവരാണ് യഥാർത്ഥ ഫുട്ബോൾ ഫാൻസ്. ഒരുപക്ഷേ യൂറോപ്പിലുള്ള സാന്റിയാഗോ ബെർണാബു പോലെയുള്ള വലിയ മൈതാനങ്ങളിലൊന്നും അവർ പോയിട്ടുണ്ടാവില്ല. പക്ഷേ അവർ എപ്പോഴും തങ്ങളുടെ ടീമുകളെ പിന്തുണച്ചു കൊണ്ടിരിക്കും ” ഇതാണ് സാൽഗാഡോ പറഞ്ഞിട്ടുള്ളത്.

1999 മുതൽ 2009 വരെ 10 വർഷക്കാലം റയലിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് സാൽഗാഡോ. സ്പെയിനിന്റെ ദേശീയ ടീമിനുവേണ്ടി അദ്ദേഹം 53 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *