വധഭീഷണി, ബ്രസീലിയൻ സൂപ്പർതാരം ക്ലബ്ബുമായുള്ള കരാർ ഉപേക്ഷിച്ചു!

ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി ദീർഘകാലം കളിക്കുകയും നിർണായക പ്രകടനങ്ങൾ നടത്തുകയും ചെയ്തിട്ടുള്ള സൂപ്പർതാരമാണ് വില്യൻ. മാത്രമല്ല പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി,ആഴ്സണൽ എന്നിവർക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.എന്നാൽ കഴിഞ്ഞ സീസണിൽ യൂറോപ്പ് വിട്ടുകൊണ്ട് തന്റെ ജന്മനാടായ ബ്രസീലിലേക്ക് താരം മടങ്ങിയെത്തിയിരുന്നു.

തന്റെ മുൻ ക്ലബ്ബായ കൊറിന്ത്യൻസിലേക്കായിരുന്നു താരം മടങ്ങി എത്തിയിരുന്നത്. എന്നാൽ അവിടെ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെ ആരാധകർ താരത്തിനെതിരെ തിരയുകയായിരുന്നു. അധിക്ഷേപങ്ങൾക്ക് പുറമേ വധഭീഷണികൾ വരെ വില്ല്യന് നേരിടേണ്ടി വന്നു.

ഇതോടുകൂടി വില്യൻ കൊറിന്ത്യൻസുമായുള്ള കരാർ ഉപേക്ഷിച്ചിട്ടുണ്ട്. ഇക്കാര്യം താരം തന്നെയാണ് പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയെ അറിയിച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഭീഷണികൾ കൊണ്ട് ബുദ്ധിമുട്ടിയിട്ടാണ് ഞാൻ ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുണ്ട്. പ്രത്യേകിച്ച് എന്റെ കുടുംബത്തിനെതിരെ ഭീഷണി മുഴക്കുന്നു.ഇത്തരം ഭീഷണികൾ ഒരിക്കലും അവസാനിക്കുന്നില്ല.കൊറിന്ത്യൻസ് പരാജയപ്പെടുകയോ എനിക്ക് തിളങ്ങാൻ സാധിക്കാതെ വരികയാണെങ്കിലോ എന്റെ കുടുംബത്തിന് ഭീഷണികളും അധിക്ഷേപങ്ങളും സോഷ്യൽ മീഡിയയിൽ നേരിടേണ്ടിവരുന്നു. എന്റെ പിതാവിനെയും സഹോദരിയെയും ഭാര്യയെയും കുട്ടികളെയും വരെ അവർ അധിക്ഷേപിക്കുന്നു.കൊറിന്ത്യൻസിന് വേണ്ടി കളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ ബ്രസീലിൽ തിരിച്ചെത്തിയത്.ഇവിടെ കളിക്കുന്നതിന്റെ ഡിമാന്റുകളും സമ്മർദ്ദവും എനിക്കറിയാം.വിമർശനങ്ങളെയും ഞാൻ അംഗീകരിക്കുന്നു. പക്ഷേ ഭീഷണികളെ എനിക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. എല്ലാ ആരാധകരുമല്ല, മറിച്ച് ചെറിയ ഒരു കൂട്ടം ആരാധകരാണ് ഇതിന് പിന്നിൽ.അവരുടെ ഈ പ്രവർത്തികൾ എനിക്കും എന്റെ കുടുംബത്തിനും മാനസികമായി വളരെയധികം ആഘാതം സൃഷ്ടിക്കുന്നുണ്ട് ” ഇതാണ് വില്യൻ പറഞ്ഞിട്ടുള്ളത്.

കൊറിന്ത്യൻസിന് വേണ്ടി ആകെ കളിച്ച 45 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ആറ് അസിസ്റ്റുകളുമാണ് താരം നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിലേക്ക് മടങ്ങാനാണ് തന്റെ പദ്ധതിയെന്നും താരം കൂട്ടിച്ചേർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *