ലീഗിൽ നിന്നും പുറത്ത്,തരം താഴ്ത്തപ്പെട്ടേക്കാം,ഫ്രാൻസിന് ഇത് നാണക്കേടിന്റെ കാലം!

ഇന്നലെ യുവേഫ നാഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് പരാജയം രുചിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ക്രോയേഷ്യ ഫ്രാൻസിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം മോഡ്രിച്ചാണ് പെനാൽറ്റിയിലൂടെ ക്രൊയേഷ്യയുടെ വിജയഗോൾ നേടിയത്.

ഇവിടെ ചേർത്ത് വായിക്കേണ്ട മറ്റൊരു കാര്യം ചരിത്രത്തിലാദ്യമായാണ് ക്രൊയേഷ്യ ഫ്രാൻസിനെ പരാജയപ്പെടുത്തുന്നത്.ആകെ പത്ത് തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്.അതിൽ 9 തവണയും ഫ്രാൻസിനെ കീഴടക്കാൻ ക്രൊയേഷ്യക്ക് സാധിച്ചിരുന്നില്ല.

ഈ നേഷൻസ് ലീഗിൽ ആകെ നാല് മത്സരങ്ങളാണ് ഫ്രാൻസ് കളിച്ചിട്ടുള്ളത്. രണ്ട് സമനിലയും രണ്ടു തോൽവിയുമാണ് ഫ്രഞ്ച് പടയുടെ സമ്പാദ്യം. 2 പോയിന്റ് മാത്രമുള്ള ഫ്രാൻസ് അവസാന സ്ഥാനത്താണ്. അതായത് ഇനിയുള്ള രണ്ട് മത്സരങ്ങൾ വിജയിച്ചാലും നാഷൻസ് ലീഗിന്റെ സെമിയിൽ പ്രവേശിക്കാൻ ഫ്രാൻസിന് കഴിയില്ല. ചുരുക്കത്തിൽ നിലവിലെ ചാമ്പ്യന്മാർ നാഷൻസ് ലീഗിൽ നിന്നും പുറത്തായി കഴിഞ്ഞു.

ഈ ഇന്റർനാഷണൽ ബ്രേക്കിലെ ഫ്രാൻസിന്റെ എല്ലാ മത്സരങ്ങളും ഇപ്പോൾ അവസാനിച്ചു കഴിഞ്ഞിട്ടുണ്ട്.ഒരൊറ്റ മത്സരത്തിൽ പോലും ഫ്രാൻസിന് വിജയിക്കാൻ കഴിഞ്ഞിട്ടില്ല.2015 ന് ശേഷം ആദ്യമായാണ് ഫ്രാൻസ് ഈയൊരു അവസ്ഥയിലൂടെ കടന്നു പോവുന്നത്.

മാത്രമല്ല മറ്റൊരു നാണക്കേട് കൂടി ഫ്രാൻസിനെ ഇപ്പോൾ കാത്തിരിക്കുന്നുണ്ട്.ആകെ നേടാൻ കഴിയുമായിരുന്ന 12 പോയിന്റുകളിൽ 2 പോയിന്റ് മാത്രമാണ് ഫ്രാൻസ് നേടിയിട്ടുള്ളത്. ഇനി സെപ്റ്റംബറിൽ ഓസ്ട്രിയക്കെതിരെയാണ് ഫ്രാൻസിന്റെ അടുത്ത മത്സരം. ആ മത്സരത്തിൽ ഫ്രാൻസ് പരാജയപ്പെട്ടാൽ യുവേഫ നാഷൻസ് ലീഗിന്റെ B ടൂർണമെന്റിലേക്ക് തരം താഴ്ത്തപ്പെടും. അത് ഒഴിവാക്കാൻ ഫ്രാൻസിന് വിജയിച്ചേ മതിയാകൂ.

ചുരുക്കത്തിൽ നിരവധി പ്രശ്നങ്ങൾ ഫ്രാൻസിനുണ്ട്.ക്ലബ് സീസൺ അവസാനിച്ച ഉടനെ മത്സരങ്ങൾ വന്നത് താരങ്ങളെ കൂടുതൽ ക്ഷീണിതരാക്കിയിട്ടുണ്ട്. മാത്രമല്ല ടാക്ക്റ്റിക്കലായിട്ടുള്ള ഒരുപാട് പ്രശ്നങ്ങളുണ്ട്. വേൾഡ് കപ്പിന് ഇനി അഞ്ച് മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അതിനു മുൻപ് ദെഷാപ്സ് ഈ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ നിലവിലെ ചാമ്പ്യന്മാർ പുറത്താകുന്ന ആ സമീപകാലത്തെ ശാപം ഫ്രാൻസിന് ഏറ്റുവാങ്ങേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *