ലിവർപൂളിലെ കൂട്ടീഞ്ഞോയെ തിരികെ കൊണ്ടു വരും : ടിറ്റെ
ഇപ്പോൾ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീലിയൻ സ്‌ക്വാഡിൽ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോക്ക് ഇടം ലഭിച്ചിരുന്നു. ദീർഘകാലത്തിന് ശേഷമാണ് കൂട്ടീഞ്ഞോയെ ടിറ്റെ തിരികെ വിളിക്കുന്നത്. ഏറെ കാലം താരം പരിക്കിന്റെ പിടിയിലായിരുന്നു.
മാത്രമല്ല എഫ്സി ബാഴ്സലോണയിൽ എത്തിയ ശേഷം ആരാധകർക്ക് ആ പഴയ കൂട്ടീഞ്ഞോയെ കാണാൻ സാധിച്ചിട്ടില്ല. അത് തന്നെയാണ് ഇപ്പോൾ ബ്രസീലിന്റെ പരിശീലകനായ ടിറ്റെക്ക് പറയാനുള്ളത്.ഇപ്പോൾ ഉള്ളത് ബെസ്റ്റ് കൂട്ടീഞ്ഞോ അല്ലെന്നും ലിവപൂളിലെ കൂട്ടീഞ്ഞോയെ തിരികെ കൊണ്ട് വരണമെന്നുമാണ് ടിറ്റെ അഭിപ്രായപ്പെട്ടിട്ടുള്ളത്. ലിവർപൂളിൽ കളിച്ചിരുന്ന സമയത്ത് മിന്നുന്ന പ്രകടനമായിരുന്നു കൂട്ടീഞ്ഞോ നടത്തിയിരുന്നത്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ ടിറ്റെ പറഞ്ഞത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) November 11, 2021
” ഇന്നത്തെ കൂട്ടീഞ്ഞോ ബെസ്റ്റ് കൂട്ടീഞ്ഞോ അല്ല.പക്ഷെ കൂട്ടീഞ്ഞോ ഒരു മികച്ച താരമാണ്.അദ്ദേഹത്തിന് വലിയ ഭാവിയുണ്ട്.അദ്ദേഹം ലിവർപൂളിൽ എങ്ങനെയായിരുന്നുവോ ആ കൂട്ടീഞ്ഞോയെ ഞങ്ങൾ തിരികെ കൊണ്ടു വരേണ്ടതുണ്ട്.അദ്ദേഹം ഒരു മികച്ച താരമായിരുന്ന പ്രക്രിയ ഞങ്ങൾ തുടരേണ്ടതുണ്ട്.ടാലന്റിന്റെ കാര്യത്തിൽ സംശയമില്ല. കൂട്ടീഞ്ഞോക്ക് ടാലെന്റ് ഇല്ല എന്നുള്ളത് ആർക്കും പറയാനാവില്ല.എന്നെ സംബന്ധിച്ചിടത്തോളം കൂട്ടീഞ്ഞോക്ക് ഏത് വശത്തും കളിക്കാം.ഇൻസൈഡ് ആയും ഔട്ട്‌സൈഡ് ആയും കളിക്കാം.പക്ഷേ അദ്ദേഹം ഫൈനൽ പാസ് നൽകാൻ കഴിവുള്ള ഒരു താരമാണ് ” ടിറ്റെ പറഞ്ഞു.
നാളെ പുലർച്ചെയാണ് ബ്രസീൽ കൊളംബിയയെ നേരിടുക. എന്നാൽ ഈ മത്സരത്തിന്റെ ആദ്യഇലവനിൽ കൂട്ടീഞ്ഞോക്ക് ഇടമുണ്ടായേക്കില്ല.