റൊണാൾഡോ നസാരിയോക്ക്‌ പിന്നിൽ രണ്ടാമനായി ചരിത്രം കുറിച്ച് ബ്രസീലിയൻ യുവ താരം!

ഇന്ന് പുലർച്ചെ നടന്ന സൗഹൃദ മത്സരത്തിൽ വമ്പൻമാരായ ബ്രസീൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്രസീലിനെ മൊറോക്കോ പരാജയപ്പെടുത്തിയത്. ബ്രസീലിന്റെ താൽക്കാലിക പരിശീലകനായ റാമോൻ മെനസസിന് കീഴിലായിരുന്നു ബ്രസീൽ ഈ മത്സരം കളിച്ചിരുന്നത്.ഒരുപാട് യുവതാരങ്ങൾക്ക് ഈ മത്സരത്തിൽ അരങ്ങേറാനുള്ള അവസരം അദ്ദേഹം ഒരുക്കുകയും ചെയ്തിരുന്നു.

യുവ സൂപ്പർ താരമായ വിറ്റൊർ റോക്യുവിന് ഇന്നത്തെ മത്സരത്തിൽ ബ്രസീലിനു വേണ്ടി അരങ്ങേറ്റം നടത്താൻ സാധിച്ചിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന ഇദ്ദേഹം ആകെ 25 മിനിറ്റ് ബ്രസീലിനു വേണ്ടി കളിക്കുകയും ചെയ്തു.ബ്രസീലിന്റെ ദേശീയ ടീം ജേഴ്സിയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ 18 വയസ്സും 25 ദിവസവും മാത്രമാണ് ഇദ്ദേഹത്തിന്റെ പ്രായം.ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോക്ക്‌ ശേഷം ബ്രസീലിന് വേണ്ടി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ഇപ്പോൾ റോക്യു സ്വന്തമാക്കിയിട്ടുണ്ട്.

1994 ൽ കേവലം പതിനേഴാം വയസ്സിൽ ആണ് റൊണാൾഡോ ബ്രസീലിന് വേണ്ടി അരങ്ങേറ്റം നടത്തിയത്.കണക്കുകൾ പ്രകാരം അതിനുശേഷം 333 താരങ്ങൾ ബ്രസീലിന് വേണ്ടി അരങ്ങേറ്റം നടത്തി. ഏറ്റവും പ്രായം കുറഞ്ഞ താരം വിറ്റൊർ റോക്യുവാണ്.ഈ കാലയളവിൽ തന്നെയാണ് നെയ്മറൊക്കെ ബ്രസീലിന് വേണ്ടി അരങ്ങേറ്റം നടത്തിയത്. നെയ്മർ അരങ്ങേറ്റം നടത്തുമ്പോൾ 18 വയസ്സും 187 ദിവസവും ആയിരുന്നു അദ്ദേഹത്തിന്റെ പ്രായം.

അതേസമയം ബ്രസീലിന്റെ ചരിത്രത്തിൽ അരങ്ങേറ്റം നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ഇതിഹാസമായ പെലെയുടെ പേരിലാണ്. 1957ൽ അദ്ദേഹം ബ്രസീൽ ദേശീയ ടീമിൽ അരങ്ങേറുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 16 വർഷവും 257 ദിവസവുമാണ്. പിന്നീട് 1966 ലാണ് എഡു അരങ്ങേറ്റം നടക്കുന്നത്. അദ്ദേഹത്തിന്റെ പ്രായം 16 വയസ്സും 303 ദിവസവുമായിരുന്നു. ഏതായാലും പെലെയുടെ റെക്കോർഡ് തകർക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *