റൊണാൾഡോയുടെ സഹായത്തോടെ സൂപ്പർ പരിശീലകൻ എത്തിക്കാൻ ബ്രസീൽ, ചർച്ച ഉടൻ !

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ആയിരുന്നു ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് അടിതെറ്റിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യ ബ്രസീലിനെ പുറത്താക്കുകയായിരുന്നു. ഇതോടുകൂടി പരിശീലകനായ ടിറ്റെ തൽസ്ഥാനത്ത് നിന്ന് പടിയിറങ്ങുകയും ചെയ്തിരുന്നു. ഖത്തർ വേൾഡ് കപ്പിന് ശേഷം ബ്രസീലിന്റെ പരിശീലകസ്ഥാനത്ത് ഉണ്ടാവില്ല എന്നുള്ളത് നേരത്തെ തന്നെ ടിറ്റെ അറിയിച്ചിരുന്ന കാര്യമായിരുന്നു.

പുതിയ ഒരു പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ സിബിഎഫ് തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഒരുപാട് പ്രധാനപ്പെട്ട പരിശീലകരുടെ പേരുകൾ ഈ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നു.സിനദിൻ സിദാൻ,മൗറിഞ്ഞോ,ലൂയിസ് എൻറിക്കെ എന്നിവരുടെ പേരുകളൊക്കെയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്.എന്നാൽ ഇതിനൊന്നും യാതൊരുവിധ പുരോഗതിയും രേഖപ്പെടുത്തിയിരുന്നില്ല.

റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടിയുടെ പേര് തുടക്കം തൊട്ടേ രംഗത്ത് ഉണ്ടായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് ബ്രസീൽ ഉള്ളത്. വരുന്ന ആഴ്ചയിൽ സ്പെയിനിൽ വെച്ച് ആഞ്ചലോട്ടിയുമായി ഒരു കൂടിക്കാഴ്ച ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.സിബിഎഫിന്റെ പ്രസിഡന്റായ എഡ്നാൾഡോ റോഡ്രിഗസും ആഞ്ചലോട്ടിയും തമ്മിലാണ് ചർച്ച നടത്തുക.നിലവിൽ മാഡ്രിഡ് പരിശീലകനായ ഇദ്ദേഹത്തെ പരമാവധി കൺവിൻസ് ചെയ്യിക്കാനുള്ള ശ്രമങ്ങളാണ് ബ്രസീലിന്റെ ഭാഗത്ത് നിന്നുണ്ടാവുക.

ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാറിയോ ഇക്കാര്യത്തിൽ ബ്രസീലിനെ സഹായിച്ചേക്കും.റൊണാൾഡോയും ആഞ്ചലോട്ടിയും തമ്മിൽ വലിയ ബന്ധമാണ് ഉള്ളത്. 2024 വരെയാണ് ആഞ്ചലോട്ടിക്ക് റയലുമായി കരാർ അവശേഷിക്കുന്നത്. അദ്ദേഹത്തെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരിക എന്നുള്ളത് ബ്രസീലിനെ സംബന്ധിച്ചിടത്തോളം വലിയ ഒരു ടാസ്ക് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *