റുബിയാലസിന് വേണ്ടി നിരാഹാരം കിടന്ന് അമ്മ, ഇപ്പോൾ ആശുപത്രിയിൽ!

വിമൻസ് വേൾഡ് കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന് പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ സ്പെയിനിന് സാധിച്ചിരുന്നു.ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പെയിൻ വിജയിച്ചത്. ഈ കിരീടനേട്ടത്തിന് ശേഷം സ്പാനിഷ് ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡണ്ടായ ലൂയിസ് റുബിയാലസിന്റെ പ്രവർത്തി വലിയ രൂപത്തിൽ വിവാദമായിരുന്നു. അതായത് അനുമതിയില്ലാതെ അദ്ദേഹം സ്പാനിഷ് താരമായ ജെന്നി ഹെർമോസോയുടെ ചുണ്ടിൽ ചുംബിക്കുകയായിരുന്നു.

തന്റെ അനുമതി ഇല്ലാതെയാണ് ചുംബിച്ചത് എന്നുള്ള കാര്യം ജെന്നി ലോകത്തെ അറിയിച്ചിരുന്നു. തൊട്ടടുത്ത ദിവസം ലൂയിസ് റുബിയാലസ് രാജിവെക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അദ്ദേഹം വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ രാജിവെക്കാൻ തയ്യാറായില്ല. മറിച്ച് താൻ അനുമതിയോടുകൂടിയാണ് ചുംബിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം രാജിവെക്കാൻ വിസമ്മതിച്ചതോടെ കാര്യങ്ങൾ കൂടുതൽ വിവാദമായിട്ടുണ്ട്.

ഇതിനിടെ റുബിയാലസിനെ പിന്തുണച്ചുകൊണ്ട് അദ്ദേഹത്തിന്റെ അമ്മ രംഗത്ത് വന്നിരുന്നു. തന്റെ മകൻ നിരപരാധിയാണ് എന്നായിരുന്നു ഇവരുടെ വാദം. മാത്രമല്ല ഇവർ റുബിയാലസിന് പിന്തുണ അർപ്പിച്ചുകൊണ്ട് നിരാഹാര സമരം നടത്തിയിരുന്നു. ഭക്ഷണം കഴിക്കാതെ വന്നതോടുകൂടി അവരുടെ ആരോഗ്യസ്ഥിതി മോശമായിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞദിവസം ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്പാനിഷ് മാധ്യമങ്ങൾ എല്ലാവരും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ ഇതുവരെ റുബിയാലസ് തയ്യാറായിട്ടില്ല. അദ്ദേഹത്തിനെതിരെ ഫിഫ കടുത്ത നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പ്രതിഷേധങ്ങൾ ഉയർന്നിട്ടും താൻ നിരപരാധിയാണ് എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ലൂയിസ് റുബിയാലസ് ചെയ്തിട്ടുള്ളത്. അദ്ദേഹം പുറത്തു പോകാതെ ഇനി കളിക്കില്ല എന്നുള്ള ഒരു പ്രഖ്യാപനം സ്പാനിഷ് വനിത ടീം നടത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *