റിസർവ് ടീമിനെ വെച്ച് ജയിച്ചു, താൻ ഹാപ്പിയാണെന്ന് ബ്രസീൽ പരിശീലകൻ!
ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ വമ്പൻമാരായ ബ്രസീലിന് കഴിഞ്ഞിരുന്നു.രണ്ടിനെതിരെ 3 ഗോളുകൾക്കാണ് ബ്രസീൽ മെക്സിക്കോയെ പരാജയപ്പെടുത്തിയത്.ആൻഡ്രിയാസ് പെരേര, ഗബ്രിയേൽ മാർട്ടിനെല്ലി,എൻഡ്രിക്ക് എന്നിവർ നേടിയ ഗോളുകളാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്.സാവിയോ,യാൻ കൂട്ടോ,വിനീഷ്യസ് ജൂനിയർ എന്നിവരാണ് ബ്രസീലിന്റെ അസിസ്റ്റുകൾ സ്വന്തമാക്കിയത്. മെക്സിക്കോ രണ്ട് ഗോളുകൾ നേടിക്കൊണ്ട് തിരിച്ചു വന്നെങ്കിലും എൻഡ്രിക്കിന്റെ ഹെഡർ ഗോൾ ബ്രസീലിന് വിജയം സമ്മാനിക്കുകയായിരുന്നു.
മത്സരത്തിൽ റിസർവ് ടീമുമായാണ് ബ്രസീൽ ഇറങ്ങിയത്. സ്റ്റാർട്ടിങ് ഇലവനിൽ പ്രധാനപ്പെട്ട താരങ്ങൾ ഉണ്ടായിരുന്നില്ല. എന്നിട്ടും ഈ വിജയം നേടാൻ കഴിഞ്ഞതിൽ ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.താൻ സംതൃപ്തനാണ് എന്നാണ് ഇതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
” ഒരു യുവനിരയെ വെച്ചുകൊണ്ടാണ് ഞങ്ങൾ കളിച്ചത്. 6 ട്രെയിനിങ് സെഷനുകൾ മാത്രമാണ് അവർക്ക് ലഭിച്ചിട്ടുള്ളത്.എന്നിട്ടും മികച്ച പ്രകടനം അവർ നടത്തി. മെക്സിക്കോ മികച്ച എതിരാളികളായിരുന്നു.സ്റ്റേഡിയത്തിൽ സപ്പോർട്ട് മുഴുവനും അവർക്കായിരുന്നു.എന്നാൽ ഞങ്ങളുടെ ആരാധകരും മോശമായിരുന്നില്ല. നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങളെക്കാൾ കൂടുതൽ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളാണ് ഈ മത്സരത്തിൽ ഉള്ളത്.90 മിനിട്ടിനിടെ ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. മത്സരത്തിന്റെ കാര്യത്തിൽ ആശങ്കപ്പെടാനൊന്നുമില്ല. മാത്രമല്ല ഞാൻ സംതൃപ്തനുമാണ് ” ഇതാണ് ബ്രസീൽ പരിശീലകൻ പറഞ്ഞിട്ടുണ്ട്.
മത്സരത്തിൽ രണ്ട് ഗോളുകൾ വഴങ്ങേണ്ടി വന്നു എന്നത് ബ്രസീലിനെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടുത്തുന്ന കാര്യമാണ്. മത്സരത്തിന്റെ ആദ്യ പകുതിയിൽ മെക്സിക്കോ കൂടുതൽ ഗോളവസരങ്ങൾ തുറന്നെടുക്കുകയും ചെയ്തിരുന്നു. മധ്യനിരയിൽ നിന്നും ക്രിയേറ്റീവ് ആയ മുന്നേറ്റങ്ങൾ ഉണ്ടാവാതെ പോയതും ബ്രസീലിനെ മത്സരത്തിൽ തിരിച്ചടിയായിട്ടുണ്ട്.ഇനി അടുത്ത മത്സരം അമേരിക്കക്കെതിരെയാണ് ബ്രസീൽ കളിക്കുക.