റാമോസിന്റെ നേതൃത്വപാടവം അത്ഭുതപ്പെടുത്തുന്നതെന്ന് മുൻ ബാഴ്സ കോച്ച്

സ്പെയിനിന്റെയും റയലിന്റെയും നായകൻ സെർജിയോ റാമോസിനെ പ്രശംസിച്ച് നിലവിലെ സ്പാനിഷ് പരിശീലകനും മുൻ ബാഴ്സ കോച്ചുമായ ലൂയിസ് എൻറിക്വെ. കഴിഞ്ഞ ദിവസം നടന്ന ചോദ്യോത്തരവേളയിലാണ് എൻറിക്വെ റാമോസിനെ പുകഴ്‌ത്താൻ സമയം കണ്ടെത്തിയത്. റാമോസിന്റെ നേതൃത്വപാടവവും വ്യക്തപരമായ ഗുണങ്ങളും തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു എന്നാണ് എൻറിക്വെ പറഞ്ഞത്. വളരെയധികം മതിപ്പുളവാക്കുന്ന താരമാണ് എന്നാണ് റാമോസിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

” റാമോസുമായുള്ള എന്റെ ബന്ധം നല്ല രീതിയിലാണ്. സ്പെയിൻ ടീമിലെ 99.9 ശതമാനം താരങ്ങളുമായും നല്ല രീതിയിൽ ബന്ധം പുലർത്തുന്ന ആളാണ് ഞാൻ. റാമോസാണ് ഞങ്ങളുടെ നായകൻ. എനിക്കദ്ദേഹത്തെ എതിരെ നിന്ന് തന്ത്രങ്ങൾ മെനഞ്ഞ പരിചയമേ ഒള്ളൂ. ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടിയ സമയത്ത് അത്ഭുതപ്പെടുകയും മതിപ്പ് തോന്നുകയും ചെയ്തു. സ്പെയിനിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡ് അദ്ദേഹത്തിന് സ്വന്തമായുള്ളത് എന്നതിന് വ്യക്തമായ കാരണമുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വപാടവവും വ്യക്തിപരമായ ഗുണങ്ങളും എന്നെ അത്ഭുതപ്പെടുത്തി ” ലൂയിസ് എൻറിക്വെ പറഞ്ഞു.

വരാനിരിക്കുന്ന സ്പെയിനിന്റെ മത്സരങ്ങളെ പറ്റിയുള്ള പ്രതീക്ഷകളും അദ്ദേഹം പങ്കുവെച്ചു. ” യുറോ കപ്പ് മാറ്റിവെച്ചത് യുവതാരങ്ങൾക്ക് ഗുണകരമായേക്കും. അവർക്ക് കൂടുതൽ സമയം ലഭിക്കും. യൂറോപ്യൻ ചാമ്പ്യൻഷിപ് നേടണം എന്നാണ് എന്റെ ആഗ്രഹം. സ്പെയിനിന് അതിന് കഴിയുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. യുവതാരങ്ങൾക്ക് അവരുടെ കളി മെച്ചപ്പെടുത്താനും മത്സരത്തിന് തയ്യാറാവാനും സമയം ലഭിക്കും. അഡമ ട്രവോറയെ പോലുള്ള താരങ്ങളിൽ ഞങ്ങൾ വളരെയധികം സംതൃപ്തരാണ് ” അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!