റഫറി ഒരു കൊച്ചു കുട്ടിയായിരുന്നു, സത്യം പറഞ്ഞിരുന്നെങ്കിൽ ഞാൻ വരുമായിരുന്നില്ല: മൊറിഞ്ഞോ
സൂപ്പർ പരിശീലകനായ ഹൊസേ മൊറിഞ്ഞോ നിലവിൽ തുർക്കിഷ് ക്ലബ്ബായ ഫെനർബാഷെയെയാണ് പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ ലീഗ് മത്സരത്തിൽ രണ്ടിനെതിരെ 3 ഗോളുകൾക്ക് അവർ എതിരാളികളായ ട്രാബ്സൻസ്പോറിനെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിന്റെ അവസാന മിനിട്ടിൽ അമ്രബാത്ത് നേടിയ ഗോളാണ് മൊറിഞ്ഞോയുടെ ടീമിന് വിജയം സമ്മാനിച്ചത്.മത്സരത്തിൽ എതിരാളികൾക്ക് രണ്ട് പെനാൽറ്റികൾ നൽകപ്പെട്ടിരുന്നു.
ഇത് മൊറിഞ്ഞോയെ വളരെയധികം ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്. മത്സരശേഷം VAR റഫറിയെയും മുഖ്യ റഫറിയെയും അദ്ദേഹം രൂക്ഷമായ രീതിയിൽ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. റഫറി ഒരു കൊച്ചു കുട്ടിയായിരുന്നു എന്നും റഫറിയെ കുറിച്ചുള്ള സത്യം മുഴുവനും അറിഞ്ഞിരുന്നെങ്കിൽ താൻ ഫെനർബാഷെയിലേക്ക് പോലും വരുമായിരുന്നില്ല എന്നും മൊറിഞ്ഞോ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഇന്നത്തെ മാൻ ഓഫ് ദി മാച്ച് വാർ റഫറിയായ അറ്റില്ലയാണ്.ഞങ്ങൾ അദ്ദേഹത്തെ കണ്ടിട്ടില്ല. പക്ഷേ അദ്ദേഹമായിരുന്നു മത്സരത്തിലെ മുഖ്യ റഫറി. കളിക്കളത്തിൽ ഉണ്ടായിരുന്ന റഫറി ഒരു കൊച്ചു കുട്ടിയായിരുന്നു. കാര്യങ്ങൾ തീരുമാനിച്ചിരുന്നത് അറ്റില്ലയായിരുന്നു. ഞാൻ നേരത്തെ ഫെനർബാഷെ ആരാധകരോട് സംസാരിച്ചിരുന്നു.ഈ റഫറിയെ വേണ്ട എന്ന് എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ ഞാൻ അത് മുഴുവനും വിശ്വസിച്ചിരുന്നില്ല.
എന്നാൽ ഈ മത്സരത്തിലേക്ക് വന്നപ്പോഴാണ് കാര്യം പിടികിട്ടിയത്. ആരാധകർ പറഞ്ഞതിനേക്കാൾ മോശമായിരുന്നു റഫറി.ഞങ്ങൾ മികച്ച എതിരാളികൾക്കെതിരെയാണ് കളിച്ചത്.സിസ്റ്റവും ഞങ്ങൾക്ക് എതിരെയായിരുന്നു.സിസ്റ്റത്തിനെതിരെ കളിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്.വാറിനെതിരെയും സിസ്റ്റത്തിനെതിരെയും ശക്തരായ ആളുകൾക്കെതിരെയും ആണ് ഞങ്ങൾ കളിച്ചത്.അവർ എന്നോട് പാതി സത്യം മാത്രമാണ് പറഞ്ഞത്.മുഴുവൻ സത്യവും പറഞ്ഞിരുന്നില്ല.മുഴുവൻ സത്യവും പറഞ്ഞിരുന്നുവെങ്കിൽ ഞാൻ ഇങ്ങോട്ട് വരുമായിരുന്നില്ല. പക്ഷേ എന്നിട്ടും എന്റെ കുട്ടികൾ നന്നായി പോരാടി വിജയം നേടി ” ഇതാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്.
ഇതിനോടകം തന്നെ ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ടിട്ടുള്ള പരിശീലകനാണ് മൊറിഞ്ഞോ. നിലവിൽ ഫെനർബാഷെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനക്കാരുമായി 5 പോയിന്റിന്റെ വ്യത്യാസമാണ് ഉള്ളത്.