രാജകീയ തിരിച്ചുവരവുമായി ബ്രസീലും വിനിയും,പരാഗ്വക്കെതിരെ നേടിയത് ഗംഭീരവിജയം!
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന തങ്ങളുടെ രണ്ടാം മത്സരത്തിൽ ഗംഭീര വിജയം സ്വന്തമാക്കി വമ്പൻമാരായ ബ്രസീൽ. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അവർ പരാഗ്വയെ പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ താരം വിനീഷ്യസ് ജൂനിയറാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്. ഇരട്ട ഗോളുകൾ സ്വന്തമാക്കുകയായിരുന്നു താരം.
രണ്ട് മാറ്റങ്ങൾ വരുത്തി കൊണ്ടാണ് ബ്രസീൽ ഇന്നത്തെ മത്സരത്തിൽ ഇറങ്ങിയത്.സാവിയോയും വെന്റലും സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു. മത്സരത്തിന്റെ 31ആം മിനുട്ടിൽ ബ്രസീലിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിക്കുകയായിരുന്നു. എന്നാൽ അത് പക്കേറ്റ പുറത്തേക്ക് അടിച്ചു പാഴാക്കി കളഞ്ഞു. എന്നാൽ നാലു മിനിറ്റിനു ശേഷം വിനി ബ്രസീലിന്റെ ആദ്യ ഗോൾ കണ്ടെത്തി.പക്കേറ്റയുടെ അസിസ്റ്റിൽ നിന്നാണ് വിനിയുടെ ഗോൾ പിറന്നത്. അതിനെ പിന്നാലെ സാവിയോയുടെ ഗോൾ പിറക്കുകയായിരുന്നു. ബോക്സിനകത്ത് തനിക്ക് ലഭിച്ച അവസരം താരം മുതലെടുക്കുകയായിരുന്നു.
അതു കൊണ്ടും അവസാനിച്ചില്ല. ആദ്യപകുതിയുടെ അവസാനത്തിൽ വിനീഷ്യസ് വീണ്ടും ഗോൾ നേടി. ഇതോടെ ആദ്യപകുതിയിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രസീൽ മുന്നിട്ടുനിന്നു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പരാഗ്വ ഒരു ഗോൾ തിരിച്ചടിച്ചു. തകർപ്പൻ ഷോട്ടിൽ നിന്നാണ് ഒമർ ഗോൾ കണ്ടെത്തിയത്.
65ആം മിനുട്ടിൽ ബ്രസീലിന് വീണ്ടും അനുകൂലമായി പെനാൽറ്റി ലഭിച്ചു.എന്നാൽ ഇത്തവണ പക്കേറ്റക്ക് പിഴച്ചില്ല. അദ്ദേഹം അത് ഗോളാക്കി മാറ്റിയതോടെ സ്കോർ 4-1 എന്ന നിലയിലായി. മത്സരത്തിന്റെ അവസാനത്തിൽ പരാഗ്വൻ താരം റെഡ് കാർഡ് കണ്ട് പുറത്തു പോയത് അവർക്ക് തിരിച്ചടിയാവുകയും ചെയ്തു. ഏതായാലും വിജയത്തോടെ ബ്രസീൽ ഏറെക്കുറെ ക്വാർട്ടർ ഫൈനൽ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.