രണ്ട് വേൾഡ് കപ്പുകൾ നേടിയിട്ടും എന്തുകൊണ്ടാണ് ഉറുഗ്വൻ ജേഴ്‌സിയിൽ 4 സ്റ്റാറുകൾ?

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കോപ്പ അമേരിക്കയിൽ മിന്നുന്ന പ്രകടനമാണ് ഉറുഗ്വ നടത്തിക്കൊണ്ടിരിക്കുന്നത്.നിലവിൽ അവർ സെമിഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.ക്വാർട്ടർ ഫൈനലിൽ കരുത്തരായ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി കൊണ്ടാണ് ഉറുഗ്വ സെമിയിൽ എത്തിയിട്ടുള്ളത്.മിന്നുന്ന ഫോമിൽ കളിക്കുന്ന കൊളംബിയയാണ് അവരുടെ എതിരാളികൾ. നാളെ പുലർച്ചയാണ് ഈ സെമി മത്സരം നടക്കുക.

ഉറുഗ്വയുമായി ബന്ധപ്പെട്ട ഒരു സംശയം ഒരു ആരാധകൻ നമ്മുടെ കമന്റ് ബോക്സിൽ പങ്കുവെച്ചിരുന്നു. രണ്ട് വേൾഡ് കപ്പുകൾ മാത്രമാണ് ഉറുഗ്വ നേടിയിട്ടുള്ളത്, പിന്നെ എന്തുകൊണ്ടാണ് അവരുടെ ജേഴ്സിയിൽ നാല് സ്റ്റാറുകൾ എന്നാണ് ചോദ്യം. അതായത് ഓരോ സ്റ്റാറുകളും അതാത് ടീമുകൾ നേടിയ വേൾഡ് കപ്പ് കിരീടങ്ങളെയാണ് സൂചിപ്പിക്കുന്നത്.ഏറ്റവും കൂടുതൽ സ്റ്റാറുകൾ ഉള്ളത് ബ്രസീലിനാണ്. അഞ്ച് വേൾഡ് കപ്പ് കിരീടങ്ങളാണ് അവർ സ്വന്തമാക്കിയിട്ടുള്ളത്.

ഉറുഗ്വ 2 വേൾഡ് കപ്പുകൾ മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത് എന്നത് ശരിയാണ്. 1930ലും 1950ലുമായിരുന്നു അവർ വേൾഡ് കപ്പ് സ്വന്തമാക്കിയത്. ആദ്യത്തെ വേൾഡ് കപ്പ് ടൂർണ്ണമെന്റ് അരങ്ങേറിയത് 1930 ലാണ്. അന്ന് ഫൈനലിൽ അർജന്റീന തോൽപ്പിച്ചു കൊണ്ടാണ് ഉറുഗ്വ കിരീടം സ്വന്തമാക്കിയത്.1950ൽ ബ്രസീലിനെ മാരക്കാനയിൽ വെച്ച് കൊണ്ട് പരാജയപ്പെടുത്തിയാണ് രണ്ടാം വേൾഡ് കപ്പ് ഉറുഗ്വ സ്വന്തമാക്കിയത്.

എന്നാൽ വേൾഡ് കപ്പ് ആരംഭിക്കുന്നതിനു മുൻപെ 1924 ലും 1928 ലും ഒളിമ്പിക്സുകൾ നടന്നിരുന്നു. അതിൽ ഫുട്ബോളും ഉണ്ടായിരുന്നു.1924 പാരീസിൽ വച്ച് നടന്ന ഒളിമ്പിക്സിലും 1928ല്‍ ആംസ്റ്റർഡാമിൽ വച്ച് നടന്ന ഒളിമ്പിക്സിലും ഗോൾഡ് മെഡൽ സ്വന്തമാക്കിയത് ഉറുഗ്വയാണ്. അന്ന് വേൾഡ് കപ്പ് ആരംഭിച്ചിട്ടില്ലാത്തതിനാൽ ഫിഫ ഈ ഗോൾഡ് മെഡലുകൾ വേൾഡ് കപ്പിന് തുല്യമായി പരിഗണിക്കുകയായിരുന്നു. അങ്ങനെയാണ് രണ്ട് സ്റ്റാറുകൾ കൂടി അവരുടെ ജേഴ്സിയിൽ പതിപ്പിക്കാനുള്ള അനുമതി നൽകിയത്. രണ്ട് ഒളിമ്പിക് ഗോൾഡ് മെഡലുകളും രണ്ട് വേൾഡ് കപ്പ് കിരീടങ്ങളുമാണ് ഇത് സൂചിപ്പിക്കുന്നത്. 1930ൽ വേൾഡ് കപ്പ് തുടങ്ങിയതിനു ശേഷം ഒളിമ്പിക്ക് ഗോൾഡ് മെഡലുകൾക്ക് ഫിഫ ഈ അംഗീകാരം നൽകിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *