യൂറോ കപ്പിലെ ആദ്യമത്സരം കാണികൾക്ക് മുന്നിൽ, പ്രഖ്യാപനവുമായി ഇറ്റലി!

ഈ വർഷം നടക്കുന്ന യൂറോ കപ്പിന്റെ ആദ്യമത്സരത്തിന് ഇറ്റാലിയൻ റോം വേദിയാവും.റോമിലെ സ്റ്റേഡിയോ ഒളിമ്പിക്കോയാണ് യൂറോ കപ്പിലെ ഉത്ഘാടനമത്സരത്തിന് വേദിയാവുക. അത്‌ മാത്രമല്ല മത്സരത്തിൽ കാണികൾക്ക് പ്രവേശനമുണ്ടാവുമെന്നും ഇറ്റലി അറിയിച്ചിട്ടുണ്ട്.ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റ്‌ ആയ ഗബ്രിയേൽ ഗ്രാവിനയാണ് ഇക്കാര്യം അറിയിച്ചത്.ജൂൺ പതിനൊന്നാം തിയ്യതി ഇറ്റലിയും തുർക്കിയുമാണ് യൂറോ കപ്പിലെ ആദ്യമത്സരത്തിൽ ഏറ്റുമുട്ടുക.12 രാജ്യങ്ങളിലായാണ് ഇത്തവണത്തെ യൂറോ കപ്പ് അരങ്ങേറുന്നത്. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പാണ് ഈ വർഷം അരങ്ങേറുന്നത്.

” എനിക്കുറപ്പുണ്ട്,ഈ വരുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ ആദ്യം മത്സരം റോമിൽ വെച്ച് നടത്താൻ കഴിയുമെന്ന്. അത്‌ മാത്രമല്ല ആരാധകർക്ക് മുന്നിലായിരിക്കും മത്സരങ്ങൾ നടക്കുക.എത്രത്തോളം കാണികൾക്ക് മുന്നിലായിരിക്കും മത്സരം നടക്കുക എന്നുള്ളത് ഇപ്പോൾ എനിക്ക് പറയാനാവില്ല. പക്ഷെ കാണികൾ ഉണ്ടാവുമെന്നുള്ള കാര്യമുറപ്പാണ്.കഴിഞ്ഞ രണ്ട് വർഷമായി ഇതിനുള്ള പരിശ്രമത്തിലായിരുന്നു ഞങ്ങൾ.ഏപ്രിൽ ഏഴിനാണ് ഇത്‌ സംബന്ധിച്ച് യുവേഫക്ക് റിപ്പോർട്ട്‌ നൽകേണ്ട ദിവസം.യുവേഫക്ക് അത്‌ അവഗണിക്കാനാവില്ല എന്നാണ്ഞാൻ കരുതുന്നത് ” കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ ഗ്രാവിന പറഞ്ഞു.

അതേസമയം യൂറോ കപ്പിന് മുന്നോടിയായി രണ്ട് സൗഹൃദമത്സരങ്ങൾ ഇറ്റലി കളിക്കുന്നുണ്ട്.സാൻ മരീനോ, ചെക് റിപബ്ലിക് എന്നിവരോടാണ് അസൂറിപ്പട ഏറ്റുമുട്ടുക.കാഗ്ലിയാരിയുടെ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരങ്ങൾ അരങ്ങേറുക.തുർക്കി, സ്വിറ്റ്സർലാന്റ്, വെയിൽസ് എന്നിവരാണ് ഇറ്റലിയുടെ ഗ്രൂപ്പിൽ ഉള്ളവർ.

Leave a Reply

Your email address will not be published. Required fields are marked *