യൂറോപ്യൻ സൂപ്പർ ലീഗ്, വിമർശനമുയർത്തി ഉന്നതർ!

കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട യൂറോപ്യൻ സൂപ്പർ ലീഗാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ചാവിഷയം. വലിയ തോതിലുള്ള വിമർശനങ്ങൾ യൂറോപ്യൻ സൂപ്പർ ലീഗിന് പല ഭാഗത്തു നിന്നും നേരിടേണ്ടി വരുന്നു. രാജ്യത്തിന്റെ തലവൻമാർ ഉൾപ്പടെയുള്ളവർ യൂറോപ്യൻ സൂപ്പർ ലീഗിനെ വിമർശനവിധേയമാക്കിയിട്ടുണ്ട്.വ്യക്തികളും സംഘടനകളും ഗവണ്മെന്റുകളും ഇതിൽ ഉൾപ്പെടും.അതിൽ പ്രധാനപ്പെട്ടവർ ഇവരൊക്കെയാണ്.

1- യുവേഫയും പ്രസിഡന്റ്‌ ആയ അലക്സാണ്ടർ സെഫറിനും ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. കൂടാതെ ഫിഫയും ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

2- ജോയൻ ലാപോർട്ട, പെപ് ഗ്വാർഡിയോള, യുർഗൻ ക്ലോപ് എന്നിവർ യൂറോപ്യൻ സൂപ്പർ ലീഗിന് എതിരെ തന്നെയാണ്. പക്ഷെ അവരുടെ ക്ലബുകൾ ഇതിൽ പങ്കെടുക്കുന്നവർ ആണ്. പക്ഷെ തങ്ങളുടെ അഭിപ്രായത്തിൽ നിന്ന് മൂവരും വൃതിചലിച്ചിട്ടില്ല.

3- ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവൽ മക്രോൺ ഇതിനെ പരസ്യമായി എതിർത്തിട്ടുണ്ട്. ” യൂറോപ്യൻ സൂപ്പർ ലീഗിൽ ചേരാനുള്ള അവസരങ്ങൾ തള്ളികളഞ്ഞ ഫ്രഞ്ച് ടീമുകളുടെ നിലപാടിനെ ഫ്രഞ്ച് ഗവണ്മെന്റ് സ്വാഗതം ചെയ്യുന്നു. യൂറോപ്യൻ സൂപ്പർ ലീഗ് സോളിഡാരിറ്റിക്കും സ്പോർട്ടിങ് മെറിറ്റിനും ഭീഷണിയാണ് ” ഇതാണ് ഇദ്ദേഹം പറഞ്ഞത്.

4- ഇംഗ്ലണ്ട് പ്രൈം മിനിസ്റ്റർ ബോറിസ് ജോൺസനും ഇതിനെ എതിർത്തിട്ടുണ്ട്. ” യൂറോപ്യൻ സൂപ്പർ ലീഗ് ഫുട്‍ബോളിനെ ദോഷകരമായ രീതിയിൽ ബാധിക്കും. അതിൽ പങ്കെടുക്കുന്ന ടീമുകൾക്കെതിരെ നടപടി എടുക്കുന്ന അതോറിറ്റികൾക്ക് ഗവണ്മെന്റിന്റെ പിന്തുണയുണ്ടാവും.രാജ്യത്തുടനീളമുള്ള ആരാധകരെ ഇത്‌ ആശങ്കയിലാഴ്ത്തുന്നുണ്ട്. ക്ലബുകൾ ആരാധകരോട് മറുപടി പറയേണ്ടതുണ്ട് ” ഇതാണ് ഇദ്ദേഹം പറഞ്ഞത്.

5-സ്പാനിഷ് ഗവണ്മെന്റും ഇതിനെതിരെ പരസ്യപ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ” യൂറോപ്യൻ സൂപ്പർ ലീഗിനെ സ്പാനിഷ് ഗവണ്മെന്റ് ഒരിക്കലും പിന്തുണക്കുന്നില്ല.കാരണം ഇത്‌ ദേശീയമായും അന്തർദേശീയമായുമുള്ള ഫുട്ബോൾ സംഘടനകളോട് ആലോചിക്കാതെ എടുത്ത തീരുമാനമാണ് ” ഇതാണ് സ്പെയിൻ ഗവണ്മെന്റിന്റെ പ്രസ്താവന.

6- പിഎസ്ജി താരം ആൻഡർ ഹെരേര, സൂപ്പർ താരം മെസ്യൂട്ട് ഓസിൽ എന്നിവർ ഇതിനെതിരെ വിമർശനം ഉയർത്തിയിട്ടുണ്ട്.സൂപ്പർ ലീഗിനെതിരെ ശബ്ദമുയർത്തിയ ഡാനിയൽ പോഡൻസിന് പിന്തുണ അർപ്പിച്ചു കൊണ്ട് ബ്രൂണോ ഫെർണാണ്ടസും ജാവോ കാൻസെലോയും രംഗത്ത് വന്നിട്ടുണ്ട്.

ഇതിന് പുറമേ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും യൂറോപ്യൻ സൂപ്പർ ലീഗിന് രൂക്ഷവിമർശനം നേരിടേണ്ടി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *