യുവേഫ നേഷൻസ് ലീഗ് : ജയം കൊയ്ത് വമ്പൻമാർ !

യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ വമ്പൻ ടീമുകളെല്ലാം തന്നെ വിജയം കരസ്ഥമാക്കി. ഇറ്റലി, ഹോളണ്ട്, ബെൽജിയം,ഇംഗ്ലണ്ട് എന്നിവരാണ് ഇന്നലത്തെ മത്സരത്തിൽ വിജയം കരസ്ഥമാക്കിയത്. ഗ്രൂപ്പ്‌ ഒന്നിൽ നടന്ന മത്സരത്തിൽ ഇറ്റലി ബോസ്നിയയെയാണ് തകർത്തു വിട്ടത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അസൂറിപ്പടയുടെ വിജയം. ആൻഡ്രേ ബെലോട്ടി, ഡോമിനിക്കോ ബെറാർഡി എന്നിവരാണ് ഗോളുകൾ നേടിയത്. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമതായി കൊണ്ട് സെമി ഫൈനലിലേക്ക് പ്രവേശിക്കാൻ ഇറ്റലിക്ക്‌ സാധിച്ചു.ഇതേ ഗ്രൂപ്പിൽ തന്നെ വെച്ച് നടന്ന മറ്റൊരു മത്സരത്തിൽ ഹോളണ്ട് പോളണ്ടിനെ തകർത്തു. 2-1 എന്ന സ്കോറിനാണ് ഹോളണ്ട് വിജയം സ്വന്തമാക്കിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം മെംഫിസ് ഡീപേ, വൈനാൾഡം എന്നിവർ നേടിയ ഗോളാണ് ഓറഞ്ചുപടക്ക് തുണയായത്. ജയം നേടി ഗ്രൂപ്പിൽ രണ്ടാമത് എത്തിയെങ്കിലും ഹോളണ്ട് സെമി കാണാതെ പുറത്തായി.

ഗ്രൂപ്പിൽ രണ്ടിൽ നടന്ന മത്സരത്തിൽ കരുത്തരായ ബെൽജിയവും ഇംഗ്ലണ്ടും ഉജ്ജ്വലവിജയം സ്വന്തമാക്കി. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ഡെന്മാർക്കിനെ ബെൽജിയം തകർത്തു വിട്ടത്. ബെൽജിയത്തിന് വേണ്ടി റൊമേലു ലുക്കാക്കു ഇരട്ടഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോളുകൾ കെവിൻ ഡിബ്രൂയിൻ, യൗരി എന്നിവർ നേടി. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായ ബെൽജിയം സെമി ഫൈനലിലേക്ക് മുന്നേറി. അതേസമയം എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ഐസ്ലാന്റിനെ തകർത്തത്. ഇരട്ടഗോളുകൾ നേടിയ ഫിൽ ഫോഡനാണ് വിജയശില്പി. ഡെക്ലാൻ റൈസ്, മാസോൺ മൗണ്ട് എന്നിവർ ശേഷിച്ച ഗോളുകൾ നേടി. ജയം നേടിയെങ്കിലും സെമി കാണാതെ ഇംഗ്ലണ്ട് പുറത്തായി. പത്ത് പോയിന്റുള്ള ഇംഗ്ലണ്ട് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *