യുറോ കപ്പിൽ കളിക്കണം, തിരിച്ചുവരാനൊരുങ്ങി ടോണി ക്രൂസ്!

ഈ വർഷത്തെ യുവേഫ യുറോ കപ്പ് അരങ്ങേറുന്നത് ജർമ്മനിയിൽ വെച്ചുകൊണ്ടാണ്. ആതിഥേയർ എന്ന നിലയിൽ യൂറോ കപ്പിന് യോഗ്യത ലഭിച്ചതിനാൽ ജർമ്മനിക്ക് യോഗ്യതാ മത്സരങ്ങൾ കളിക്കേണ്ടി വന്നിരുന്നില്ല.പക്ഷേ സമീപകാലത്ത് വളരെ മോശം പ്രകടനമാണ് ജർമ്മനി നടത്തിക്കൊണ്ടിരിക്കുന്നത്. നിരവധി തോൽവികൾ വഴങ്ങിയത് കൊണ്ട് തന്നെ പരിശീലകൻ ഹൻസി ഫ്ലിക്കിന് തന്റെ സ്ഥാനം നഷ്ടമായിരുന്നു.

നിലവിൽ ജൂലിയൻ നഗൽസ്മാനാണ് ജർമ്മനിയെ പരിശീലിപ്പിക്കുന്നത്. 2021ലെ യൂറോ കപ്പിൽ ജർമ്മനിക്ക് വലിയ ചലനങ്ങൾ ഒന്നും സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല. ആ യൂറോകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെയായിരുന്നു സൂപ്പർ താരം ടോണി ക്രൂസ് ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. തന്റെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടിയായിരുന്നു ജർമ്മനിയുടെ ദേശീയ ടീമിൽ നിന്നും അദ്ദേഹം വിരമിച്ചത്.

പക്ഷേ ഈ വർഷം സ്വന്തം നാട്ടിൽ വച്ചുകൊണ്ട് നടക്കുന്ന യൂറോ കപ്പിൽ പങ്കെടുക്കാൻ ക്രൂസിന് ആഗ്രഹമുണ്ട്.അതുകൊണ്ടുതന്നെ വിരമിക്കൽ പിൻവലിച്ചുകൊണ്ട് ജർമ്മനിയുടെ ദേശീയ ടീമിലേക്ക് തിരിച്ചെത്താൻ ക്രൂസ് ഇപ്പോൾ ആലോചിക്കുന്നുണ്ട്. പരിശീലകനായ ജൂലിയൻ നഗൽസ്മാനുമായി വളരെ നല്ല ബന്ധം പുലർത്തുന്ന താരം കൂടിയാണ് ക്രൂസ്. അദ്ദേഹം ജർമ്മനിയുടെ ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നത് എല്ലാവർക്കും സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. മാത്രമല്ല ക്രൂസിനെ തിരികെ വരാൻ പ്രേരിപ്പിക്കുന്ന താരങ്ങളിൽ ഒരാൾ അന്റോണിയോ റൂഡിഗറാണ്.

രണ്ടുപേരും നിലവിൽ റയൽ മാഡ്രിഡിൽ സഹതാരങ്ങളാണ്. ജർമ്മനിയുടെ ദേശീയ ടീമിന് വേണ്ടി ആകെ 106 മത്സരങ്ങൾ കളിക്കാൻ ക്രൂസിന് സാധിച്ചിട്ടുണ്ട്.2014ലെ വേൾഡ് കപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരം കൂടിയാണ് ക്രൂസ്. വേൾഡ് കപ്പിൽ സെമിഫൈനലിൽ ബ്രസീലിനെ ജർമ്മനി നാണംകെടുത്തിയപ്പോൾ മാൻ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചത് ക്രൂസിനായിരുന്നു. താരം തിരിച്ചുവരികയാണെങ്കിൽ അത് ജർമ്മനിക്ക് വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *