യമാലില്ല,ജമാലിലാണ് തന്റെ ഫോക്കസെന്ന് കോച്ച്
ഇന്ന് യുവേഫ യൂറോ കപ്പിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഒരു കിടിലൻ മത്സരമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. കരുത്തരായ ജർമ്മനിയും സ്പെയിനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം നടക്കുക. ടൂർണമെന്റിലെ കിരീട ഫേവറേറ്റുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ടീമുകൾ തമ്മിലാണ് ഇന്ന് മാറ്റുരക്കുന്നത്.
ജർമ്മൻ പ്രതിരോധനിരക്ക് ഇന്ന് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കാൻ പോകുന്ന താരങ്ങളിൽ ഒരാൾ ലാമിൻ യമാൽ തന്നെയായിരിക്കും.കേവലം 16 വയസ്സ് മാത്രമുള്ള താരം മിന്നുന്ന പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ താരത്തിന്റെ കാര്യത്തിൽ ജർമ്മനിയുടെ പരിശീലകനായ നഗൽസ്മാന് ആശങ്കകൾ ഒന്നുമില്ല.യമാലില്ല, മറിച്ച് തന്റെ സൂപ്പർതാരമായ ജമാൽ മുസിയാലയിലാണ് തന്റെ ശ്രദ്ധ എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.നഗൽസ്മാന്റെ വാക്കുകൾ ഇങ്ങനെയാണ്.
” എന്റെ ഫോക്കസ് യമാലില്ല,മറിച്ച് ജമാലിലാണ്.ഞങ്ങൾക്ക് ഒരുപാട് കോളിറ്റിയുള്ള താരങ്ങളുണ്ട്. ഏത് ടീമിനെതിരെയും പോരാടാനുള്ള ഒരു ടീം ഞങ്ങൾക്കുമുണ്ട്. മത്സരവുമായി പൊരുത്തപ്പെടാൻ സ്പയിനിനും ബുദ്ധിമുട്ടുകൾ ഉണ്ടാവും. അവർ ഹൈപ്രസ്സിംഗ് നടത്തുമ്പോൾ ഞങ്ങളും അങ്ങനെ തന്നെ ചെയ്യേണ്ടതുണ്ട്.പണ്ടത്തെപ്പോലെയല്ല കാര്യങ്ങൾ.അവർ കൂടുതലായിട്ട് അവസരങ്ങൾ ഇപ്പോൾ സൃഷ്ടിക്കുന്നുണ്ട്. പക്ഷേ അതിന്റേതായ റിസ്ക് അവർക്കുണ്ട്. അത് ഞങ്ങൾ മുതലെടുക്കണം “ഇതാണ് ജർമനിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കളിച്ച നാല് മത്സരങ്ങളിലും മികച്ച വിജയം നേടിക്കൊണ്ടാണ് സ്പെയിൻ ഈ മത്സരത്തിന് വരുന്നത്. അതേസമയം ജർമ്മനിയും മികച്ച ഫോമിൽ തന്നെയാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. പോർച്ചുഗൽ- ഫ്രാൻസ് മത്സരത്തിലെ വിജയികളെയാണ് ഈ മത്സരത്തിലെ വിജയികൾക്ക് സെമിയിൽ നേരിടേണ്ടി വരിക.