മെസ്സിയെ ഞങ്ങൾ ഊഴമിട്ട് ചവിട്ടി: മുൻ ബ്രസീലിയൻ താരം

മെസ്സിയെ പ്രതിരോധിക്കാൻ തങ്ങൾ നടപ്പിലാക്കിയ പ്രവർത്തനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ബ്രസീലിയൻ താരം ഫെലിപെ മെലോ. കഴിഞ്ഞ ദിവസം ക്ലാരിൻ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മെസ്സിയെ തടയാൻ ബ്രസീൽ ഒരുക്കിയ തന്ത്രങ്ങളെ പറ്റി മെലോ പറഞ്ഞത്. ഓരോ താരങ്ങളും മാറി മാറി മെസ്സിയെ ചവിട്ടി കീഴ്പ്പെടുത്താനായിരുന്നു ആസൂത്രണമെന്നും അദ്ദേഹത്തെ അസ്വസ്ഥനാക്കി താളം തെറ്റിക്കൽ അല്ലാതെ തങ്ങൾക്ക് മുന്നിൽ വേറെ വഴിയില്ലെന്നുമായിരുന്നു മെലോയുടെ പ്രസ്താവന. താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഫുട്ബോൾ താരം മെസ്സിയാണെന്നും പാൽമിറാസ് മിഡ്ഫീൽഡർ പറഞ്ഞു.

” മെസ്സി അതുല്യമായ ഒരു പ്രതിഭയാണ്. ബ്രസീൽ ടീമിനൊപ്പം അദ്ദേഹത്തെ ഞങ്ങൾ നേരിടാനൊരുങ്ങുമ്പോൾ ഞങ്ങൾക്ക് ആസൂത്രണങ്ങളുണ്ടായിരുന്നു. അന്ന് ഞങ്ങൾ പറഞ്ഞു. ഓരോരുത്തരായി മാറിമാറി അദ്ദേഹത്തെ ചവിട്ടണം. ഞാനൊരിക്കലും അദ്ദേഹത്തെ ചവിട്ടാനോ വേദനിപ്പിക്കാനോ ആവിശ്യപ്പെട്ടിരുന്നില്ല. മറിച്ച് ടാക്ടിക്കൽ ഫൗളായിരുന്നു ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ വേഗതക്ക് തടയിടുക വഴി അദ്ദേഹത്തെ ശല്യപ്പെടുത്തുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതായിരുന്നു ഞങ്ങൾ അദ്ദേഹത്തെ നേരിടാനുപയോഗിച്ച തന്ത്രം ” മെലോ പറഞ്ഞു.

മെസ്സിയെ വാനോളം പുകഴ്‍ത്താനും മെലോ മറന്നില്ല. ” ഞാൻ പെലെയുടെ കളികൾ കണ്ടിട്ടില്ല. മറഡോണയുടെ ബ്രസീലിനെതിരായ ഗോൾ മാത്രമേ എനിക്കോർമ്മയൊള്ളൂ. ബ്രസീലിലെ ജനങ്ങൾ പറയുന്നു, സീക്കോ എല്ലാവരേക്കാളും മികച്ചവനാണെന്ന്. എന്നാൽ അദ്ദേഹത്തിന്റെ വിടവാങ്ങൽ മത്സരം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഞാൻ മെസ്സിയുടെ കളി കണ്ടിട്ടുണ്ട്. അത് അത്ഭുതപ്പെടുത്തുന്നതുമാണ്. അദ്ദേഹമൊരു വെറ്ററൻ ഫുട്ബോളറാണ്. ക്രിസ്റ്റ്യാനോയെക്കാൾ മികച്ചവൻ മെസ്സി തന്നെയാണ്. എന്തെന്നാൽ ക്രിസ്റ്റ്യാനോ അഞ്ച് ഗോൾ മാത്രം നേടുമ്പോൾ മെസ്സി അഞ്ച് ഗോളും അഞ്ച് ഗോളവസരങ്ങളും ഒരുക്കി നൽകുന്നു ” ഫെലിപ് മെലോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *