മെസ്സിയും ക്രിസ്റ്റ്യാനോയുമല്ല, ബാലൺ ഡിയോറിനർഹർ ആ മൂന്ന് താരങ്ങളെന്ന് വാൻപേഴ്സി

കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ പതിനൊന്ന് വർഷത്തെയും ബാലൺ ഡിയോർ നേടിയിട്ടുള്ള താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും. മെസ്സി ആറും ക്രിസ്റ്റ്യാനോ അഞ്ചെണ്ണവും മികച്ച താരത്തിനുള്ള ഈ പുരസ്‌കാരം സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഈ വർഷത്തെ പുരസ്‌കാരത്തിന്റെ ചർച്ചകൾ നടക്കുമ്പോഴും മുൻപന്തിയിൽ ഉയർന്നു കേൾക്കുന്ന പേരുകളാണ് ഇരുവരുടേതും. എന്നാൽ മുൻ ഹോളണ്ട്-മാഞ്ചെസ്റ്റർ യുണൈറ്റഡ് സൂപ്പർ താരമായിരുന്ന വാൻ പേഴ്സിയുടെ അഭിപ്രായത്തിൽ ഈ രണ്ട് പേർക്കും ആദ്യമൂന്ന് പേരിൽ പോലും ഇടം നേടാൻ അർഹതയില്ലെന്നാണ്. കഴിഞ്ഞ ദിവസം ബിട്ടി സ്പോർട്ട് ഇട്ട ട്വീറ്റിന് റീട്വീറ്റ് ആയാണ് താരം ഇക്കാര്യം അറിയിച്ചത്. വാൻ പേഴ്‌സിയുടെ അഭിപ്രായത്തിൽ ഇത്തവണത്തെ ബാലൺ ഡിയോർ ബയേൺ താരം ലെവന്റോസ്ക്കിക്ക് അർഹതപ്പെട്ടതാണ്. രണ്ടാം സ്ഥാനം സിറ്റിയുടെ കെവിൻ ഡിബ്രൂയിനും മൂന്നാം സ്ഥാനം ലിവർപൂളിന്റെ സാഡിയോ മാനെക്കും അവകാശപ്പെട്ടതാണ് എന്നാണ്. സൂപ്പർ താരങ്ങളായ മെസ്സിയും ക്രിസ്റ്റ്യാനോയും ആദ്യമൂന്നിൽ ഇടംപിടിക്കാൻ യോഗ്യരല്ല എന്നാണ് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട്.

ഈ സീസണിൽ തകർപ്പൻ ഫോമിലാണ് ലെവന്റോസ്ക്കി കളിക്കുന്നത്. ബയേണിനോടൊപ്പം ഡൊമസ്റ്റിക് ഡബിൾ നേടിയ താരം ബുണ്ടസ്‌ലിഗയിലെ ഏറ്റവും മികച്ച താരമായിരുന്നു. യൂറോപ്യൻ ഗോൾഡൻ ഷൂ പോരാട്ടത്തിൽ ഒന്നാമനാണ് താരം. 34 ഗോളുകൾ ഉള്ള താരത്തിന്റെ പിറകിൽ 29 ഗോളുകളുമായി ഇമ്മൊബിലെയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം മാഞ്ചസ്റ്റർ സിറ്റി താരമായ ഡിബ്രൂയിനും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. പത്ത് ഗോളുകളും പതിനെട്ട് അസിസ്റ്റുകളും താരം നേടികഴിഞ്ഞു. കരബാവോ കപ്പ്‌ നേടിയ താരം pfa പ്ലയെർ ഓഫ് ദി സീസൺ അവാർഡിൽ മുൻനിരയിൽ ഉണ്ട്. അതേ സമയം സാഡിയോ മാനേയും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ക്ലബിനൊപ്പം പ്രീമിയർ ലീഗ് കിരീടം നേടിയ മാനെ പതിനാറു ഗോളുകളും ഏഴ് അസിസ്റ്റുകളും നേടിയിട്ടുണ്ട്. വാൻപേഴ്സിയുടെ അഭിപ്രായത്തിൽ ഈ മൂന്ന് താരങ്ങളാണ് ബാലൺ ഡിയോറിനർഹർ.

Leave a Reply

Your email address will not be published. Required fields are marked *