മെസ്സിയും ക്രിസ്റ്റ്യാനോയും ഖത്തറിൽ ശ്രമിക്കുന്നതെന്തിന്? കക്ക പറയുന്നു.
തങ്ങളുടെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പിനുള്ള ഒരുക്കത്തിലാണ് സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. അവസാനത്തെ വേൾഡ് കപ്പ് ആണ് ഖത്തറിലേത് എന്നുള്ള കാര്യം ലയണൽ മെസ്സി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും തങ്ങളുടെ അഞ്ചാമത്തെ വേൾഡ് കപ്പിൽ പങ്കെടുക്കാനാണ് ഇപ്പോൾ ഒരുങ്ങുന്നത്.
ഇതുവരെ ഒരു വേൾഡ് കപ്പ് കിരീടം പോലും നേടാൻ രണ്ടുപേർക്കും സാധിച്ചിട്ടില്ല.ഇരുവരെയും സംബന്ധിച്ചിടത്തോളം ഇത് അവസാന അവസരമാണ്. ഏതായാലും ബ്രസീലിയൻ ഇതിഹാസമായ കക്ക ഈ രണ്ടു താരങ്ങളെ കുറിച്ചും ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. അതായത് തങ്ങൾ ഇപ്പോഴും ലീഡർമാരാണ് എന്ന് തെളിയിക്കാനുള്ള ശ്രമങ്ങളായിരിക്കും ഖത്തറിൽ മെസ്സിയുടെയും റൊണാൾഡോയുടെയും ഭാഗത്തു നിന്നുണ്ടാവുക എന്നാണ് കക്ക പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
What Kaka Expects From Lionel Messi, Cristiano Ronaldo at 2022 World Cup https://t.co/mqZaX0DmIN
— PSG Talk (@PSGTalk) November 11, 2022
” ഈ വരുന്ന ഖത്തർ വേൾഡ് കപ്പിൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഏത് രൂപത്തിലുള്ള ഒരു ഇമ്പാക്ട് ആണ് ഉണ്ടാക്കാൻ പോകുന്നത് എന്നുള്ള കാര്യത്തിൽ എനിക്ക് വളരെയധികം ആകാംക്ഷയുണ്ട്. അവർ ഇപ്പോഴും ലീഡർമാരാണ് എന്ന് തെളിയിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ രണ്ടുപേരും നടത്തുമെന്ന് ഞാൻ കരുതുന്നു ” ഇതാണ് ബ്രസീലിയൻ ഇതിഹാസമായ കക്ക പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ വളരെ മികവോടുകൂടിയാണ് ലയണൽ മെസ്സി ഇപ്പോൾ മുന്നോട്ടു പോകുന്നത്.പിഎസ്ജിക്കും അർജന്റീനക്കും വേണ്ടി ആകെ 30 ഗോളുകളിൽ പങ്കാളിത്തം വഹിക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. അതേസമയം റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഈ സീസൺ അത്ര മികച്ച രൂപത്തിലല്ല. ആകെ 6 ഗോളുകൾ മാത്രമാണ് അദ്ദേഹത്തിന് പങ്കാളിത്തം വഹിക്കാൻ കഴിഞ്ഞിട്ടുള്ളത്.